തിരുവനന്തപുരം: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭ തള്ളി. സ്‌പീക്കറുടെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി. അതുകൊണ്ട് വോട്ടിങ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്.
തനിക്കെതിരായ പ്രമേയം ചർച്ച ചെയ്തതിൽ അഭിമാനമെന്ന് സ്‌പീക്കർ പറഞ്ഞു. സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതുകൊണ്ട് പ്രതിപക്ഷം തന്നെ ആക്രമിക്കാൻ നോക്കുകയാണെന്നും ഒരിഞ്ച് പോലും തലകുനിക്കില്ലെന്നും മറുപടി പ്രസംഗത്തിൽ സ്‌പീക്കർ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളിൽ വസ്‌തുതയില്ല. പത്രങ്ങളിൽ വരുന്ന കഥകളോട് പ്രതികരിക്കാനില്ല. പഴയ കെഎസ്‌യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും സംസാരിക്കുന്നത്. കെഎസ്‌യു നേതാവിൽ നിന്ന് ഒരു മാറ്റവും അദ്ദേഹത്തിനുണ്ടായിട്ടില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് എണ്ണിയെണ്ണി സ്‌പീക്കർ മറുപടി നൽകി.
സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരായ പ്രമേയത്തിൽ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നിയമസഭയുടെ അന്തസ് ഇടിച്ചുതാഴ്‌ത്തിയ ആദ്യ സ്‌പീക്കറാണ് ശ്രീരാമകൃഷ്‌ണനെന്ന് ചെന്നിത്തല. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. ഉന്നതമായ ഭരണഘടനാ സ്ഥാനമാണ്. എന്നാൽ, ജനാധിപത്യ സങ്കൽപ്പത്തെ തകർക്കുകയാണ് സ്‌പീക്കർ ചെയ്തതെന്നും ചെന്നിത്തല.
സ്‌പീക്കറുടെ കസേരയിൽ ഇരിക്കാൻ ശ്രീരാമകൃഷ്‌ണൻ യോഗ്യനാണോ ? പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ സ്‌പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറുകയും കസേര താഴേക്ക് വലിച്ചെറിയുകയും ചെയ്ത ആളാണ് ശ്രീരാമകൃഷ്‌ണൻ. നിയമസഭയിൽ അപമര്യാദയായി പെരമാറിയതിന് താക്കീത് ലഭിച്ചിട്ടുള്ള വ്യക്തിയാണ്. യോഗ്യതയില്ലാത്ത ആൾ സ്‌പീക്കറായപ്പോൾ യോഗ്യതയില്ലാത്ത കാര്യങ്ങൾ ചെയ്തു. ലക്കും ലഗാനുമില്ലാത്ത അഴിമതി നടക്കുകയാണ്. സ്വപ്‌ന സുരേഷുമായി ശ്രീരാമകൃഷ്‌ണന് എന്താണ് ബന്ധമെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ചെന്നിത്തലയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു.
കേരള നിയമസഭയിൽ അസാധാരണ നടപടികളാണ് അരങ്ങേറിയത്. പതിനൊന്ന് മണിയോടെ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരായ പ്രമേയം നിയമസഭയിൽ ചർച്ചയ്‌ക്കെടുത്തു. പ്രതിപക്ഷത്തു നിന്ന് എം.ഉമ്മർ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ബിജെപി അംഗം ഒ.രാജഗോപാൽ പ്രമേയത്തെ അനുകൂലിച്ചു.
സ്‌പീക്കർക്കെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്ന മന്ത്രി ജി.സുധാകരൻ പറഞ്ഞു. പ്രമേയം അവതരിപ്പിച്ച എം.ഉമ്മർ സുധാകരനെതിരെ രംഗത്തെത്തി. കളിയാക്കൽ വൺവേ ട്രാഫിക്കല്ലെന്നും ഇങ്ങോട്ട് കളിയാക്കിയാൽ തിരിച്ചും കളിയാക്കുമെന്നും ഉമ്മർ പറഞ്ഞു. എപ്പോഴും തലയില്‍ കയറാൻ വരേണ്ടെന്നും സഭയിൽ പ്രമേയാവതരണത്തിനിടെ ഉമ്മർ പറഞ്ഞു.
സ്‌പീക്കർ തനി പാർട്ടിക്കാരനെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു. സ്‌പീക്കർ പക്ഷപാതപരമായി പെരുമാറുന്നു. സഭയിൽ മുഖ്യമന്ത്രിയെ സ്‌പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിന്റെ കൂടാരമാണെന്നും പി.ടി.തോമസ് എംഎൽഎ പറഞ്ഞു.
പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്‌പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ്.ശർമ എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു വിഷയ ദാരിദ്ര്യമാണ്. സ്‌പീക്കർക്കെതിരെ എന്താണ് ആരോപണമെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. സ്വപ്‌നയെ പ്രതിപക്ഷനേതാവ് ഇഫ്‌താറിന് ക്ഷണിച്ചെന്നും ശർമ ആരോപിച്ചു. എന്നാൽ, താൻ ഒരു വ്യക്തിയെയല്ല യുഎഇ കോൺസുലേറ്റിനെയാണ് വിരുന്നിന് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ പുറകെ നടക്കുന്നവര്‍ നിങ്ങളുടെ പുറകെയും വരുമെന്ന് മുല്ലക്കര രത്നാക്കരൻ എംഎൽഎ പ്രതിപക്ഷത്തോട്. അവര്‍ നിങ്ങളുടെ പുറകെ നടക്കുക മാത്രമല്ല നിങ്ങളെ കിടത്തുകയും ചെയ്യും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിനെതിരെ ജെയിംസ് മാത്യു എംഎൽഎയും രംഗത്തെത്തി. പ്രതിപക്ഷത്തിന് മാനസിക ആരോഗ്യം അത്ര നല്ല രീതിയിൽ അല്ലെന്നും അടിയന്തരമായി ചികിത്സ വേണമെന്നും ജെയിംസ് മാത്യു പരിഹസിച്ചു.
സ്‌പീക്കർക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എം.സ്വാരാജ് എംഎൽഎ പറഞ്ഞു. പ്രമേയ അവതാരകന് ഈ പ്രമേയം വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന് സ്വരാജ് ചോദിച്ചു.
രണ്ട് മണിക്കൂറിലേറെ ചർച്ച നടന്നു. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർക്കെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌പീക്കറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവിശ്വാസ പ്രമേയത്തിനു പ്രതിപക്ഷം അനുമതി തേടിയത്.
Read Also: സഭ ടിവിയിലേക്ക് ആദ്യം വന്ന ഫോൺ കോൾ പ്രതിപക്ഷ നേതാവിന്റെ ടീമിൽ നിന്ന്, അഭിമുഖം ആവശ്യപ്പെട്ടു: വീണ ജോർജ്
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി സ്‌പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഗുരുതരമായ ആരോപണങ്ങളാണ് സ്‌പീക്കർക്കെതിരെയുള്ളതെന്നും അതിനാൽ ശ്രീരാമകൃഷ്‌ണൻ തൽസ്ഥാനത്തുനിന്ന് രാജിവയ്‌ക്കണമെന്നും നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നേരത്തെയും സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ നോട്ടീസിന് അനുമതി ലഭിച്ചിരുന്നില്ല.
കേരള നിയമസഭാ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കുന്നത്. 1982 ല്‍ എ.സി.ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുൻപ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.
സ്‌പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ചർച്ചയ്‌ക്ക് വരുമ്പോൾ നിയമസഭയിൽ പ്രത്യേക നടപടിക്രമങ്ങൾ ഉണ്ട്. പ്രമേയം പരിഗണനയ്‌ക്ക് വരുന്ന വേളയിൽ സ്‌പീക്കർ ഡയസില്‍നിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂട്ടത്തേക്ക് വരണം. ഡപ്യൂട്ടി സ്‌പീക്കർ ആയിരിക്കും ഈ സമയത്ത് സഭ നിയന്ത്രിക്കുക. ചര്‍ച്ചയ്‌ക്കൊടുവില്‍ സ്‌പീക്കർക്ക് വ്യക്തിപരമായി തന്റെ വിശദീകരണം നല്‍കാനും അവസരമുണ്ട്. ഇതിനുശേഷം പ്രതിപക്ഷ പ്രമേയം വോട്ടിനിടും. പ്രമേയം പരാജയപ്പെടുന്ന ഘട്ടത്തില്‍ സ്‌പീക്കർക്ക് വീണ്ടും ഡയസിലേക്കെത്തി സഭയെ അഭിസംബോധന ചെയ്യാം.
സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്തപ്പോൾ ഡയസിൽ നിന്ന് ഇറങ്ങി. സഭാ അംഗങ്ങൾക്കൊപ്പമാണ് പിന്നീട് ഇരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടതുവശത്തുള്ള സീറ്റിലാണ് ശ്രീരാമകൃഷ്‌ണൻ ഇരിക്കുന്നത്.
അതേസമയം, ആരോപണങ്ങളെക്കുറിച്ച് തന്നോട് സഭാംഗങ്ങളാരും വിശദീകരണം ചോദിച്ചില്ലെന്നും തനിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനു മുൻപ് പ്രതിപക്ഷത്തിനു അതു ചെയ്യാമായിരുന്നു എന്നും സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ പ്രമേയത്തിനു മുൻപ് പറഞ്ഞിരുന്നു. ആരോപണങ്ങള്‍ ഭാവനമാത്രമെന്നും ഒരു തരിപോലും തെറ്റ് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണ്. വിയോജിപ്പുകള്‍ക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയമെന്നും ശ്രീരാമകൃഷ്‌ണൻ ഇന്നു രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !