എടപ്പാള്‍: സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂര്‍ കാളച്ചാല്‍ കിഴക്കെ വളപ്പില്‍ ഇര്‍ഷാദ് ഹനീഫ (25)യുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയിട്ടും കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്. അതിനുമുകളില്‍ നിക്ഷേപിച്ച മാലിന്യമത്രയും കയറ്റിയാല്‍ മാത്രമേ മൃതദേഹം കണ്ടുകിട്ടുകയുള്ളൂ.
സുഹൃത്തുക്കളായ സുഭാഷ്, എബിന്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാള്‍ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തിരച്ചില്‍. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്ബോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.
പണം തിരികെ നല്‍കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടര്‍ന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികള്‍.
ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇര്‍ഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാര്‍ക്കും അറിയാത്ത നമ്ബറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികള്‍ നടത്തിയ പണമിടപാടുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
Source: ie
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !