കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിര്‍മ്മലാ സീതാരാമന്‍ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. ഒരു കേസില്‍ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നത്. മാര്‍ച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് കിഫ്ബി സിഇഒക്ക് സമന്‍സ് നല്‍കി എന്നാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് ഇത്തരത്തില്‍ സമന്‍സ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്.
ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടല്‍. അന്വേഷണ ഏജന്‍സികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ നിയമത്തിന്റെ അന്തസ്സത്തക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !