ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റൺസിന് കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും അവസാന ഓവറുകളിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോൾട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു.
153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത കരുതലോടെയാണ് തുടങ്ങിയത്. മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതീഷ് റാണയും ചേർന്ന് ബാറ്റിങ് പവർപ്ലേയിൽ 45 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഏഴോവറിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
ഒടുവിൽ സ്കോർ 72-ൽ നിൽക്കേ ഗില്ലിനെ കൊൽക്കത്തയ്ക്ക് നഷ്ടമായി. 24 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 33 റൺസെടുത്ത താരത്തെ രാഹുൽ ചഹാർ പൊള്ളാർഡിന്റെ കൈയ്യിലെത്തിച്ചു.
പിന്നാലെ വന്ന രാഹുൽ ത്രിപതിയെ മടക്കി ചഹാർ കൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമേകി. വെറും അഞ്ചുറൺസെടുത്ത താരത്തെ ചഹാർ ഡി കോക്കിന്റെ കൈയ്യിലെത്തിച്ചു. രാഹുൽ മടങ്ങുമ്പോൾ 10.3 ഓവറിൽ 84 ന് രണ്ട് എന്ന നിലയിലായി കൊൽക്കത്ത. രാഹുലിന് പകരമെത്തിയ നായകൻ ഒയിൻ മോർഗനെ കൂട്ടുപിടിച്ച് നിതീഷ് റാണ 12.1 ഓവറിൽ കൊൽക്കത്ത സ്കോർ 100 കടത്തി. തൊട്ടുപിന്നാലെ താരം അർധസെഞ്ചുറി പൂർത്തിയാക്കി. 40 പന്തുകളിൽ നിന്നുമാണ് റാണ അർധശതകം പൂർത്തിയാക്കിയത്. താരത്തിന്റെ ഐ.പി.എല്ലിലെ 13-ാം അർധസെഞ്ചുറിയാണിത്.
സ്കോർ 104-ൽ നിൽക്കെ രാഹുൽ ചഹാർ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി നൽകി. കൊൽക്കത്ത നായകൻ ഒയിൻ മോർഗനെ പുറത്താക്കി രാഹുൽ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. വെറും ഏഴ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
അധികം വൈകാതെ ടീമിന്റെ കുന്തമുനയായ നിതീഷ് റാണയും പവലിയനിലേക്ക് മടങ്ങി. 47 പന്തുകളിൽ നിന്നും ആറ് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 57 റൺസെടുത്ത റാണയെ മടക്കി ചാഹർ നാലാം വിക്കറ്റ് സ്വന്തമാക്കി. ചാഹറിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ 9 റൺസെടുത്ത ഷാക്കിബ് അൽ ഹസ്സനെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ കൊൽക്കത്തയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. ഇതോടെ കൊൽക്കത്ത 122 ന് അഞ്ച് എന്ന നിലയിലായി.
പിന്നീട് ക്രീസിലൊത്തുചേർന്ന ദിനേഷ് കാർത്തിക്-ആന്ദ്രെ റസ്സൽ സഖ്യം റൺസ് കണ്ടെത്താൻ വിഷമിച്ചതോടെ മുംബൈ ക്യാമ്പിൽ വിജയപ്രതീക്ഷയുണർന്നു. അവസാന രണ്ടോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. 19-ാം ഓവർ എറിഞ്ഞ ബുംറ വെറും നാല് റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണ്ട അവസ്ഥ വന്നു.
അവസാന ഓവറിലെ മൂന്നാം പന്തിൽ റസ്സലിനെ പുറത്താക്കിയ ബോൾട്ട് അടുത്ത പന്തിൽ പാറ്റ് കമ്മിൻസിനെ പുറത്താക്കി മുംബൈയ്ക്ക് വിജയമുറപ്പിച്ചു. അവസാന രണ്ട് പന്തുകളിൽ 13 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തിൽ
മുംബൈയ്ക്ക് വേണ്ടി രാഹുൽ ചാഹർ നാലോവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 152 റൺസിന് ഓൾ ഔട്ടായി. കൊൽക്കത്തയ്ക്ക് വേണ്ടി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഒയിൻ മോർഗൻ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ മുംബൈയിൽ ക്രിസ് ലിന്നിന് പകരം ക്വിന്റൺ ഡി കോക്ക് ടീമിൽ ഇടം നേടി.
മുംബൈയ്ക്ക് വേണ്ടി രോഹിതും ഡി കോക്കും ചേർന്നാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ഡി കോക്കിനെ മടക്കി വരുൺ ചക്രവർത്തി മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. ആറുപന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഡി കോക്കിനെ വരുൺ രാഹുൽ ത്രിപത്രിയുടെ കൈയ്യിലെത്തിച്ചു. ഡി കോക്ക് പുറത്താവുമ്പോൾ രണ്ടോവറിൽ 10 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി മുംബൈ.
ഡി കോക്കിന് പകരം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹർഭജൻ സിങ് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടിക്കൊണ്ട് വരവറിയിച്ചു. രോഹിത് ശർമയെ കൂട്ടുപിടിച്ച് സൂര്യകുമാർ മുംബൈ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ബാറ്റിങ് പവർപ്ലേയിൽ 42 റൺസ് നേടി. 7.3 ഓവറിൽ മുംബൈ സ്കോർ 50 കടന്നു. പിന്നാലെ രോഹിതും സൂര്യകുമാറും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
പിന്നാലെ സൂര്യകുമാർ യാദവ് അർധസെഞ്ചുറി പൂർത്തിയാക്കി. പാറ്റ് കമ്മിൻസിന്റെ പന്തിൽ 99 മീറ്റർ നീളമുള്ള ഒരു പടുകൂറ്റൻ സിക്സ് നേടിയാണ് താരം ഐ.പി.എല്ലിലെ തന്റെ 12-ാം അർധസെഞ്ചുറി നേടിയത്. 33 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.
എന്നാൽ അർധസെഞ്ചുറി പൂർത്തിയാക്കിയതിനുപിന്നാലെ സൂര്യകുമാറിനെ ഷാക്കിബ് അൽ ഹസ്സൻ പുറത്താക്കി. 36 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 56 റൺസ് നേടിയാണ് താരം ക്രീസ് വിട്ടത്.
സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷന് പക്ഷേ തിളങ്ങാനായില്ല. മൂന്നു പന്തുകളിൽ നിന്നും ഒരു റൺസ് മാത്രമെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പ്രസിദ്ധ് കൃഷ്ണയുടെ കൈയ്യിലെത്തിച്ചു. ഇതോടെ 86 ന് ഒന്ന് എന്ന നിലയിൽ നിന്നും 88 ന് മൂന്ന് എന്ന സ്കോറിലേക്ക് മുംബൈ വീണു.
പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശർമ ടീം സ്കോർ 13.5 ഓവറിൽ 100 കടത്തി. പിന്നീട് സ്കോറിങ്ങിന് വേഗം കുറഞ്ഞതോടെ മുംബൈ വിയർത്തു. 15.2 ഓവറിൽ രോഹിത് ശർമ കൂടി പുറത്തായതോടെ മുംബൈ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി. 32 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 43 റൺസെടുത്ത രോഹിത്തിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്ത്തി.
തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യയെ മടക്കി പ്രസിദ്ധ് കൃഷ്ണ മുംബൈ ഇന്ത്യൻസിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ മുംബൈ 123 ന് അഞ്ച് എന്ന നിലയിലായി. അതിനുപിന്നാലെയുള്ള ഓവറിൽ വെറും അഞ്ച് റൺസെടുത്ത പൊള്ളാർഡിനെ ആന്ദ്രെ റസ്സൽ പുറത്താക്കി. തൊട്ടടുത്ത പന്തിൽ യുവതാരം ജാൻസനെയും പുറത്താക്കി റസ്സൽ മുംബൈയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ മുംബൈ സ്കോർ 126 ന് ഏഴ് എന്ന നിലയിലായി.
അവസാന ഓവറുകളിൽ തകർത്തുകളിച്ച ക്രുനാൽ പാണ്ഡ്യയാണ് മുംബൈ സ്കോർ 150 കടത്തിയത്. ഒൻപത് പന്തുകളിൽ നിന്നും 15 റൺസെടുത്ത ക്രുനാലിനെ അവസാന ഓവറിൽ റസ്സൽ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തിൽ ബോൾട്ടിനെയും മടക്കി റസ്സൽ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമാണിത്.
രണ്ടോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകിയാണ് താരം അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. റസ്സലിന് പുറമേ പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അൽ ഹസ്സൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !