ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്കു സഹായവുമായി വിവിധ രാജ്യങ്ങൾ. ഓക്സിജൻ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവയാണു വിവിധ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇവ ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്.
ഓസ്ട്രേലിയ, ചൈന, ജർമനി, റഷ്യ, യുഎഇ, യുകെ, യുഎസ് തുടങ്ങി 15ഓളം രാജ്യങ്ങളാണു സഹായ സന്നദ്ധത അറിയിച്ചത്. തിങ്കളാഴ്ച വ്യോമസേനയുടെ സി -17 വിമാനം ദുബായിൽനിന്ന് ആറു ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു. ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന് ആറെണ്ണം കൂടി എയർലിഫ്റ്റ് ചെയ്യും. ഒരു ജർമൻ കമ്പനി ഈ ആഴ്ച അവസാനം 24 കണ്ടെയ്നറുകൾ കയറ്റി അയയ്ക്കും.
ഓക്സിജൻ, നോൺ-ഇൻവാസിവ് വെന്റിലേറ്ററുകൾ, മരുന്നുകൾ, പിപിഇ കിറ്റുകൾ എന്നിവ അയയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ കൂടുതൽ സഹായങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും. വിദേശ സഹായം അഭ്യർഥിച്ചിട്ടില്ലെന്നു സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. വരുന്ന പലതും വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ്. യൂറോപ്യൻ യൂണിയനും റഷ്യയും ഉൾപ്പെടെ ചിലർ ഗ്രാന്റ് രൂപത്തിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയം ഇപ്പോഴും നിലവിലുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വാഗ്ദാനങ്ങളും സംഭാവനകളും കൂടുതലും ഇന്ത്യൻ റെഡ് ക്രോസ് വഴിയാണു നടത്തുന്നത്, സർക്കാർ വഴിയല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ആരോഗ്യസംരക്ഷണ ഉപകരണ നിർമാണ കമ്പനിയായ സ്‌പൈസ് ഹെൽത്തിനായി ഹോങ്കോങ്ങിൽനിന്ന് 800 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പുറപ്പെട്ടു.
കോവിഡിനെ തുടർന്നു ചൈന വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടിട്ടുണ്ട്. കോവിഡ് ഭയന്ന് ഇന്ത്യയിലേക്കുള്ള ചരക്കു വിമാനങ്ങൾ സസ്പെൻഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘ഇന്ത്യ പ്രത്യേകം ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, മികച്ച രീതിയിൽ സഹായവും പിന്തുണയും നൽകാൻ തയാറാണ്’– ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെബിൻ പറഞ്ഞു.
കണ്ടെയ്നറുകൾ, കോൺസെൻട്രേറ്ററുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെ ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളായ റെംഡെസിവിർ, ടോസിലിസുമാബ് എന്നിവയും വേഗം എത്തിക്കാനാണു മുൻഗണനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎസ് കമ്പനിയിൽനിന്നു നേരിട്ട് റെംഡിസിവിർ മരുന്ന് വാങ്ങാമെന്ന പ്രതീക്ഷയിലാണു ന്യൂഡൽഹി. കോവിഡ് ഗുരുതരമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ഡൽഹി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !