ബന്ധുനിയമനവിവാദം: കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു

0
കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു.   | KT Jalil resigns from ministry

ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്നു കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഇത് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായി അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജിയെക്കുറിച്ച് വിശദമായ കുറിപ്പും ജലീൽ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിട്ടുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിന്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ സുനാമി ഗുജറാത്ത്കത്വ പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിന്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് 'സകറാത്തിന്റെ ഹാലിൽ' (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ''കിട്ടിപ്പോയ്' എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. 'ജലീൽവേട്ടക്ക്' തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിന്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !