തൃശൂർ: ദിവസങ്ങൾ നീണ്ടു നിന്ന തർക്കങ്ങൾക്കും വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിൽ തൃശൂർ പൂരം ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റം. കോവിഡ് മാനദണ്ഡം പാലിച്ചാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. തൃശൂർ പൂരത്തിന് ഇനി ആറു ദിവസം മാത്രമാണുള്ളത്.
ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും താൽക്കാലിക കൊടിമരത്തിൽ കൊടിയേറ്റു നടത്തുക. അതിനുശേഷം പാറമേക്കാവു ഭഗവതി വടക്കുന്നാഥനിലെ ചന്ദ്രപുഷ്കർണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളും. ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ചതായിരിക്കും കൊടിമരം.
തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.
പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരമൊരുക്കും. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരമുയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റിനുശേഷം എഴുന്നള്ളിപ്പ് തുടങ്ങും. ഗജവീരൻ പത്മനാഭൻ കോലമേന്തും. വടക്കുംനാഥനിലെ കൊക്കർണിയിലാണ് ആറാട്ട്.
അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യ കൊടിയേറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. പാറമേക്കാവിൽ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !