കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയിൽ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും മുന്നറിയിപ്പു നൽകി ആരോഗ്യവിദഗ്ധർ. ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങൾ വരാൻ ഇടയാക്കുമെന്നും അവർ പറയുന്നു. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ല. ചികിത്സയ്ക്ക് ഓക്സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യർ തെരുവിൽ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിൽ അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളിൽ ജനങ്ങൾ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയിൽ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളിൽ ജനങ്ങൾ പശുത്തൊഴുത്തുകളിൽനിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്ത് പുരട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങൾ ഇപ്രകാരം ചെയ്യുന്നത്.
'ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോശാലകളിൽ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ഇവ ശരീരത്തിൽ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു. തുടർന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊർജ്ജനില വർധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാൽ ഉപയോഗിച്ച് കഴുകിക്കളയുന്നു', ഇവിടങ്ങളിൽ നടക്കുന്ന 'കോവിഡ് ചികിത്സ'യേപ്പറ്റി വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു.
അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡിനെതിരേ മനുഷ്യ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ പ്രതിരോധ ശേഷിയുണ്ടാക്കാൻ പശുവിന്റെ ചാണകത്തിനോ മൂത്രത്തിനോ കഴിയുമെന്നതിന് ഒരുവിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെന്നും പൂർണമായും വിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യമാണിതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ജെ. എ. ജയലാൽ പറയുന്നു.
രണ്ട് വിധത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രവൃത്തികൾക്കൊണ്ട് ഉണ്ടാവുന്നത്. ഒന്നാമതായി, ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളിൽ ഉടലെടുക്കുകയും അവർ ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും.
രണ്ടാമതായി, ചാണകവും പശുമൂത്രവും ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകൾ ഉണ്ടാവുകയും മറ്റു രോഗങ്ങൾ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങളും ഇതുമൂലം ഉണ്ടാവാം. കൂടാതെ, ചാണകം ശേഖരിക്കുന്നതിനായി ഗോശാലകളിൽ ആളുകൾ തിരക്കുകൂട്ടുന്നത് കോവിഡ് പകരുന്നതിന് ഇടയാക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Source: mathrubhumi
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !