എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പരാതി പരിഹാര, നിരീക്ഷണ സംവിധാനം രൂപീകരിക്കാന്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് വ്യക്തി എന്നിവരെ ഈ സംവിധാനത്തില്‍ നിയമിക്കണം. ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെക്കുറിച്ചും അതുസംബന്ധിച്ച് സ്വീകരിച്ച നടപടിയെക്കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റന്റ് മെസേജ് അപ്ലിക്കേഷനുകളില്‍ ഷെയര്‍ ചെയ്യുന്ന മെസേജിന്റെ സ്രഷ്ടാവിനെ (originator) കണ്ടെത്താനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം.
ഈ വ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 79-ാം വകുപ്പ് പ്രകാരം, പ്ലാറ്റ്ഫോമുകളുടെ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി പദവി നഷ്ടമാക്കും.
എന്താണ് ഐടി നിയമത്തിലെ 79-ാം വകുപ്പ്?
വിവരങ്ങള്‍, ഡേറ്റ, അല്ലെങ്കില്‍ ആശയവിനിമയ ലിങ്ക് എന്നിവ ഏതെങ്കിലും മൂന്നാം കക്ഷി ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുകയോ ഹോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട ഇന്റര്‍മീഡിയറി നിയമപരമായോ അല്ലാതെയോ ഉത്തരവാദിയാകില്ലെന്ന് 79-ാം വകുപ്പ് പറയുന്നു. സംശയാസ്പദമായ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതിലും കൈമാറ്റം ചെയ്ത സന്ദേശത്തിന്റെ റിസീവറെ തിരഞ്ഞെടുക്കുന്നതിലും ഏതെങ്കിലും തരത്തില്‍ ഇടപെടാതിരിന്നാലും പ്രസ്തുത സന്ദേശത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളൊന്നും പരിഷ്‌കരിക്കാതിരുന്നാലും ഈ പരിരക്ഷ ലഭ്യമാകും.
ഇതിനര്‍ത്ഥം, ഒരിടത്തുനിന്നു മറ്റൊന്നിലേക്ക് ഒരു സന്ദേശം വഹിക്കുന്ന മെസഞ്ചര്‍ ഒരുതരത്തിലും ഇടപെടാതെ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നിടത്തോളം കാലം, സന്ദേശം കൈമാറുന്നതിനാല്‍ ഉണ്ടാകുന്ന നിയമപരമായ നടപടികളില്‍നിന്ന് അത് സുരക്ഷിതമായിരിക്കുമെന്നാണ്.
എന്നാല്‍, സര്‍ക്കാരോ അതിന്റെ ഏജന്‍സികളോ അറിയിച്ചിട്ടും സംശയാസ്പദമായ ഉള്ളടക്കത്തിലേക്കുള്ള അനുമതി ഇന്റര്‍മീഡയറി ഉടനടി പ്രാപ്തമാക്കിയില്ലെങ്കില്‍ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല. ഈ സന്ദേശങ്ങളുടെ തെളിവുകളോ അതിന്റെ പ്ലാറ്റ്‌ഫോമിലുള്ള ഉള്ളടക്കമോ ഇന്റര്‍മീഡയറി നശിപ്പിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ പാലിക്കുന്നത് പരാജയപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന പരിരക്ഷ നഷ്ടപ്പെടും.
സംരക്ഷണത്തിനായുള്ള ഈ വ്യവസ്ഥകള്‍ എന്തുകൊണ്ട്?
മൂന്നാം കക്ഷികളുടെ നടപടികളില്‍നിന്ന് ഇന്റര്‍മീഡിയറികള്‍ക്കു സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത 2004 ലുണ്ടായ പൊലീസ് കേസിനെത്തുടര്‍ന്നാണ് പൊതുശ്രദ്ധയില്‍ വന്നത്. 2004 നവംബറില്‍ ഐഐടി വിദ്യാര്‍ഥി, ലേല വെബ്‌സൈറ്റായ ബസീ ഡോട്ട് കോമില്‍ അശ്ലീല വീഡിയോ ക്ലിപ്പ് വില്‍പ്പനയ്ക്കായി പോസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയ്‌ക്കൊപ്പം വെബ്‌സൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അവ്‌നിഷ് ബജാജിനെയും മാനേജര്‍ ശരത് ദിഗുമാര്‍ട്ടിയെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നാല് ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞതിനെത്തുടര്‍ന്നാണ് അവ്‌നിഷ് ബജാജിന് ജാമ്യം ലഭിച്ചത്. തനിക്കും മാനേജര്‍ക്കുമെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവ്‌നിഷ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ നേരിട്ടാണ് ഇടപാട് നടന്നതെന്നും ഇതില്‍ വെബ്‌സൈറ്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
പ്രഥമദൃഷ്ട്യാ ബജാജിനും വെബ്‌സൈറ്റിനുമെതിരെ കേസ് നിലനില്‍ക്കുമെന്ന് 2005 ല്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വീഡിയോ ക്ലിപ്പും അതിലെ ഉള്ളടക്കവും അശ്ലീല സ്വഭാവത്തിലുള്ളതാണെന്ന് വ്യക്തമാക്കാത്തതിനായിരുന്നു വെബ്സൈറ്റിനെതിരെ കേസ്. ഇതില്‍ ഐടി നിയമത്തിലെ 85-ാം വകുപ്പ് പ്രകാരം പ്രകാരം ബജാജിനെയും ബാധ്യസ്ഥനാക്കി. ഐടി നിയമപ്രകാരം, ഒരു കമ്പനി കുറ്റകൃത്യം ചെയ്താല്‍ അക്കാര്യത്തില്‍ ആ സമയത്ത് ചുമതലയുള്ള എല്ലാ എക്സിക്യൂട്ടീവുമൊരും നടപടിക്ക് ബാധ്യസ്ഥരാണെന്ന് ഈ വകുപ്പ് പറയുന്നു.
എന്നാല്‍ കേസില്‍ 2012ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇടപാടില്‍ നേരിട്ട് പങ്കാളികളാകാത്തതിനാല്‍ ബജാജോ വെബ്‌സൈറ്റോ ഉത്തരവാദികളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് 79-ാം വകുപ്പ് അവതരിപ്പിക്കുന്നതിനായി ഐടി നിയമത്തില്‍ ഭേദഗതി വരുത്തിയത്.
79-ാം വകുപ്പ് പ്രകാരം സോഷ്യല്‍ മീഡിയ സ്ഥാപനം പരിരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഒറ്റരാത്രികൊണ്ട് ഒന്നും മാറില്ല. സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികള്‍ യാതൊരു തടസ്സവും കൂടാതെ പ്രവര്‍ത്തിക്കുന്നത് തുടരും. ആളുകള്‍ക്ക് അവരുടെ പേജുകളില്‍ സൈ്വരക്കേടില്ലാതെ ഉള്ളടക്കം പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും.
സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്സണ്‍ എന്നിവരെ ഇതുവരെ നിയമിച്ചിട്ടില്ല. ഉപയോക്താക്കള്‍ സമര്‍പ്പിച്ച പരാതികളും പരിദേവനങ്ങളും സംബന്ധിച്ച് പ്രതിമാസ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. അതിനാല്‍, ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം അവര്‍ക്ക് ലഭിക്കില്ല.
സുപ്രധാനമായ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി ഒരു ചീഫ് കംപ്ലയിന്‍സ് ഓഫീസറെ (സിസിഒ) നിയമിക്കണമെന്ന് കൂടാതെ, ഐടി ചട്ടങ്ങളുടെ റൂള്‍ 4 (എ) അനുശാസിക്കുന്നു, ഇന്റര്‍മീഡിയറി കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തമുള്ളയാള്‍ ചീഫ് കംപ്ലയിന്‍സ് ഓഫീസറായിരിക്കും. ഇതോടൊപ്പം ഇന്റര്‍മീഡിയറിക്കു ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടുകയും ചെയ്യും.
ഒരു ട്വീറ്റോ ഫേസ്ബുക്കിലെയോ ഇന്‍സ്റ്റാഗ്രാമിലെയോ പോസ്റ്റോ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, ഉള്ളടക്കം പങ്കിടുന്ന വ്യക്തിയെ മാത്രമല്ല, ഈ കമ്പനികളുടെ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കാനുള്ള അവകാശം നിയമനിര്‍വഹണ ഏജന്‍സിക്ക് ഉണ്ടായിരിക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
”ഐടി നിയമത്തിലെ 69 (എ) വകുപ്പിന് അനുസൃതമായുള്ള ഐടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത് ഈ ഉത്തരവാദിത്തത്തില്‍ വരുന്ന വീഴ്ച ക്രിമിനല്‍ സ്വഭാവമുള്ളതാകാമെന്നും ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നുമാണ്” ദി ഡയലോഗിന്റെ സ്ഥാപകനും പൊതുനയരൂപീകരണ വിദഗ്ധനുമായ റിസ്വി കാസിം അഭിപ്രായപ്പെടുന്നു.
79ാം വകുപ്പ് നല്‍കുന്ന വിശാലമായ സംരക്ഷണത്തിന്റെ അഭാവം, ഒരു തെറ്റും ചെയ്യാതെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ജീവനക്കാരെ പ്രതിസ്ഥാനത്തിലാക്കുന്നതിലേക്ക് വഴിവെച്ചേക്കാമെന്ന് എസ്എഫ്എല്‍സി ഡോട്ട് ഇന്നിലെ ലീഗല്‍ ഡയറക്ടര്‍ പ്രശാന്ത് സുഗതന്‍ പറഞ്ഞു.
”നിയമപരമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതിന് സോഷ്യല്‍ മീഡിയ ഭീമന്മാരുടെ ജീവനക്കാരെ വ്യക്തിപരമായി ബാധ്യസ്ഥരാക്കുന്ന സാഹചര്യത്തിലേക്ക് ഇത് നയിച്ചേക്കാം. അവരുടെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിക്കാതെ തന്നെ ജീവനക്കാരെ ഇതിന് ഉത്തരവാദികളാക്കി മാറ്റിയേക്കാം,” അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളുടെ പരിരക്ഷ സംബന്ധിച്ച ആഗോള മാനദണ്ഡങ്ങള്‍ എന്തൊക്കെ?
മിക്ക വലിയ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളുടെയും ആസ്ഥാനം യുഎസിലായതിനാല്‍ ഏറ്റവും ശ്രദ്ധയോടെ കണ്ടത് 1996 ലെ കമ്യൂണിക്കേഷന്‍ ഡിസെന്‍സി നിയമത്തിന്റെ 230-ാം വകുപ്പ് ആണ്. ഇത് ഈ പ്ലാറ്റ്ഫോമുകളുടെ ഉപയോക്ത ഉള്ളടക്കങ്ങളില്‍ (യൂസര്‍ കണ്ടന്റ്) നിന്ന് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് സുരക്ഷിത്വം നല്‍കുന്നു. യുഎസ് നിയമത്തിലെ ഈ വ്യവസ്ഥയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ ആഗോള കമ്പനികളാക്കാന്‍ പ്രാപ്തമാക്കിയതെന്ന് വിദഗ്ധര്‍ കരുതുന്നു.
ഇന്ത്യയുടെ ഐടി നിയമത്തിലെ 79-ാം വകുപ്പ് പോലെ, കമ്മ്യൂണിക്കേഷന്‍ ഡിസെന്‍സി നിയമത്തിന്റെ 230-ാം വകുപ്പ് പറയുന്നത്, ” പരസ്പര വ്യവഹാര ( ഇന്ററാക്ടീവ്) കമ്പ്യൂട്ടര്‍ സേവനത്തിന്റെ ദാതാവിനെയോ ഉപയോക്താവിനെയോ മറ്റൊരു വിവര ഉള്ളടക്ക ദാതാവ് നല്‍കുന്ന ഏതെങ്കിലും വിവരങ്ങളുടെ പ്രസാധകനോ പ്രഭാഷകനോ ആയി പരിഗണിക്കില്ല,”എന്നാണ്.
ഇത് അര്‍ത്ഥമാക്കുന്നത് ഇന്റര്‍ മീഡിയറി എന്നത് ഒരു പുസ്തകക്കടയുടെ ഉടമസ്ഥനെ പോലെയാണ്. അതായത് പുസ്തകത്തിന്റെ എഴുത്തുകാരനോ പ്രസാധകനോ പുസ്തക സ്റ്റോര്‍ ഉടമയോ തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടുന്നില്ലെങ്കില്‍, കടയിലെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്ത പുസ്തക കട ഉടമസ്ഥനെ പോലെ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !