കുറ്റിപ്പുറം|അമാന ആശുപത്രിയിലെ നഴ്സ് അമീന മരിച്ച സംഭവത്തിൽ, ആശുപത്രിയുടെ മുൻ ജനറൽ മാനേജർ എൻ. അബ്ദുൽറഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡി.വൈ.എസ്.പി. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് അബ്ദുൽറഹ്‌മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമീനയുടെ സഹപ്രവർത്തകർ, മുൻപ് അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴികൾ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ഈ മാസം 12-ന് അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പോലീസ് ശേഖരിച്ചിരുന്നു. കേസിൽ നിർണായകമായ വിവരങ്ങളാണ് കുടുംബം പോലീസിന് നൽകിയത്.
ഈ മാസം 12-ന് വൈകുന്നേരത്തോടെയാണ് നഴ്സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത അളവിൽ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചതെന്നാണ് നിഗമനം.
ജനറൽ മാനേജർ എൻ. അബ്ദുൽറഹ്‌മാന്റെ മാനസിക പീഡനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ഗുരുതരമായ ആരോപണം ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതേത്തുടർന്ന് നഴ്സുമാരുടെ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. അബ്ദുൽറഹ്‌മാനെതിരെ നഴ്സുമാരും സംഘടനകളും പോലീസിൽ പരാതി നൽകിയിരുന്നു. അമീനയുടെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി., മലപ്പുറം എസ്.പി. എന്നിവർക്കും പരാതി നൽകി. ഇതോടെയാണ് തിരൂർ ഡി.വൈ.എസ്.പി. സി. പ്രേമാനന്ദ കൃഷ്ണൻ കേസ് ഏറ്റെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽറഹ്‌മാൻ ഇന്നലെ അറസ്റ്റിലാകുന്നത്.
ഈ വാർത്ത കേൾക്കാം
Content Summary: Nurse Amina's death: Former general manager of Amana Hospital arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !