കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒഴിവാക്കാനാവത്തവരെ മാത്രമേ പങ്കെടുപ്പിക്കാവൂയെന്ന് ഹൈക്കോടതി. പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.
കോവിഡ് സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിൽ കോടതി വാദത്തിനിടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ട്രിപ്പിൾ ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ കോടതി എതിർപ്പ് വ്യക്തമാക്കി. മാർഗനിർ ദേശങ്ങൾ കർശനമായിപാലിക്കണമെന്ന് ഹർജി ഭാഗം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ചടങ്ങിൽ പരമാവധി എത്ര പേർ പങ്കെടുക്കുമെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.
500 പേർ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടതെന്നും കർശന നിബന്ധനകളുണ്ടന്നും സർക്കാർ വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുക്കന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടന ചികില്‍സാ നീതിയുടെ ജനറല്‍ സെക്രട്ടറി ഡോ: കെ.ജെ പ്രിന്‍സാണ് കോടതിയെ സമീപിച്ചത്. കോവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരം അടക്കം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പകര്‍ച്ചവ്യാധി വിരുദ്ധ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹർജിയിൽ പറയുന്നു.
150 മാധ്യമ പ്രവര്‍ത്തകരടക്കം 500 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. ലോക് ഡൗണ്‍ സംബന്ധിച്ച ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനു തന്നെ ഉത്തരവാദിത്തമുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണം. പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ട്രിപ്പിള്‍ ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നാളെ വൈകിട്ട് 3:30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !