കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരവെ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വരെ ആളുകള്‍ കൂട്ടംചേരുന്നത് വിലക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പൊലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ അര്‍ബന്‍ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡിഐജിക്ക് നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ഇതിനിടെ സംസ്ഥാനത്ത് ഇന്ന് നിലവിലുളള കര്‍ശന നിയന്ത്രണങ്ങള്‍ നാളെയും ഇതുപോലെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ നന്ദിപ്രകടനം നേരിട്ട് വേണ്ടെന്നും സോഷ്യല്‍മീഡിയയിലൂടെ അഭിസംബോധന ചെയ്യുന്നതാണ് നല്ലതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ‘അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനോ പാടില്ല. വോട്ടെണ്ണല്‍ ദിനമായ നാളെ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എടുത്ത തീരുമാനമാണത്. സംസ്ഥാനത്ത് ഒട്ടാകെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല.’
‘തെരഞ്ഞെടുക്കപ്പെടുന്നവര്‍ മണ്ഡലത്തില്‍ സഞ്ചരിച്ചു വോട്ടര്‍മാരോട് നന്ദി പറയുന്ന പതിവുണ്ട്. അത് ഇത്തവണ ഉപേക്ഷിക്കണം. നേരിട്ട് ചെന്നുള്ള നന്ദിപ്രകടനം തല്‍ക്കാലം വേണ്ട. കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ അതിന് വേണ്ടുവോളം സമയമുണ്ട് എന്ന് മനസ്സിലാക്കണം. സോഷ്യല്‍ മീഡിയയിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യാവുന്നതാണ്. ആഹ്ലാദപ്രകടനം നടത്താന്‍ വിജയിച്ചവര്‍ക്കാകെ ആഗ്രഹമുണ്ടാകും.’
‘ഇന്നത്തെ അവസ്ഥയില്‍ ആഹ്ലാദപ്രകടനകള്‍ ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത. കോവിഡ് പ്രതിരോധത്തില്‍ സര്‍വ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാര്‍ത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസ്സിലാക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹകരണവും ഉണ്ടാകണം. കൂട്ടം ചേര്‍ന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണം.’
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !