കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍:
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.വീടിന്‍റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്‌ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്‍റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നംബറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്ബുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്ബോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക.
ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്ബോള്‍ വൈദ്യുതി കമ്ബികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്‌ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്ബറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്ബോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.
ശക്തമായ ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. https://sdma.kerala.gov.in/lightning-warning എന്ന ലിങ്കില്‍ ഇവ ലഭ്യമാണ്.
ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി' മൊബൈല്‍ ആപ്പ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കില്‍ നിന്ന് Damini app ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രവചനാതീത സ്വഭാവമുള്ള വേനല്‍മഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്ബടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകല്‍ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാന്‍ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറില്‍ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുക.
⚠️പ്രത്യേക അറിയിപ്പ്⚠️
കോവിഡ് ലക്ഷണം കണ്ടിട്ടും ടെസ്റ്റിന് വിധേയമാകാതെയോ, ആരോഗ്യ വകുപ്പിനെയോ, ആരോഗ്യ പ്രവർത്തകരേയോ, ആശാ വർക്കർമാരെയോ, വാർഡ് മെമ്പർമാരെയോ അറിയിക്കാതെയോ വീട്ടിൽ സ്വയം ക്വാറൻ്റയിനിലാകുന്നത് വലിയ അപകടം വരുത്തി വെക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതി വരുമ്പോഴാണ് അപകടം ബോദ്ധ്യപ്പെടുക. എവിടെ സഹായം ആവശ്യപ്പെട്ടാലും കൈമലർത്തുന്ന അവസ്ഥ. ആയതു കൊണ്ട് ഇങ്ങനെ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കുറഞ്ഞത് വാർഡിലെ ആരോഗ്യ പ്രവർത്തകനുമായോ ആശാവർക്കറുമായോ, വാർഡുമെമ്പറുമായോ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ തേടുക. ആരോഗ്യ വകുപ്പിൻ്റെ ലിസ്റ്റിൽ വരാത്ത രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സകൾ ലഭിക്കാൻ സമയമെടുക്കും എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാകണം. വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നാടൊന്നാകെ തയ്യാറാവുക......
#BreakTheChain
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !