സംസ്ഥാനത്തെ കോവിഡ് വാക്സിൻ ദൗർലഭ്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. വാക്സിൻ ലഭ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കോവിഡ് കേസുകൾ കേരളത്തിൽ ദിനംപ്രതി വർധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. വാക്സിൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേകാൾ കൂടുതലായിരുന്നു.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,02,435 സെഷനുകളിലായി 17,92,98,584 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 118 -ആം ദിവസം (മെയ് 13 , 2021), 20,27,162 ഡോസ് വാക്സിൻ വിതരണം ചെയ്തു.
മൂന്നാം ഘട്ട വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 32 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലായി, 18 മുതൽ 44 വയസ്സ് പ്രായമുള്ള 39,26,334 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,40,706 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. കേരളത്തിൽ 1,149 പേർക്കാണ് ഈ വിഭാഗത്തിൽ ഇതുവരെ വാക്സിൻ ലഭിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !