ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഛത്തീസ്ഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ അഞ്ചുദിവസങ്ങള്‍ക്കുമുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ മില്‍ഖയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പറക്കും സിഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മില്‍ഖ സിംഗ് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച സ്പ്രിന്ററായിരുന്നു.മധ്യദൂര ഓട്ടത്തിലായിരുന്നു മില്‍ഖാ ഐതിഹാസികമായ പ്രകടനങ്ങള്‍ നടത്തിയത്. 400 മീറ്റര്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് മില്‍ഖാ സിംഗ്. നാല് തവണ ഇദ്ദേഹം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റര്‍ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയില്‍ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായത്. നാനൂറു മീറ്ററില്‍ സിംഗ് സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡ് 26 വര്‍ഷവും ദേശീയ റെക്കോര്‍ഡ് 38 വര്‍ഷവും ആരാലും തകരാതെ നിലനിന്നിരുന്നു.
അത്‌ലറ്റിക് രംഗത്തെ വിലപ്പെട്ട സേവനങ്ങള്‍ക്ക് 1958ല്‍ രാജ്യം മില്‍ഖാ സിംഗിന് പദ്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ പ്രസിദ്ധീകരിച്ച ദി റേസ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം മില്‍ഖാ സിംഗിന്റെ ആത്മകഥയാണ്. രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയ ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രം മില്‍ഖാ സിംഗിന്റെ ജീവിതത്തെയും അത്‌ലറ്റിക് രംഗത്തെ സംഭാവനകളേയും ആസ്പദമാക്കിയുള്ളതാണ്. മില്‍ഖ സിംഗിന്റെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !