അബുദാബി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വൻ തുക ചിലവഴിച്ച് മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി രക്ഷിച്ചു. സർവ പ്രതീക്ഷകളും മങ്ങി മരണദിവസം കാത്ത് കഴിഞ്ഞ ബെക്സ് കൃഷ്ണൻ എന്ന തൃശൂർ സ്വദേശിയെയാണ് യൂസഫലി അബുദാബിയിലെ ജയിലിൽ നിന്നും മോചിപ്പിച്ചത്. ഒരു സുഡാൻ ബാലനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായത്.
അബുദാബിയിലെ മുസഫയിൽ വച്ചാണ് അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളിൽനിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. 2012 സെപ്തംബർ 7നായിരുന്നു സംഭവം. മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് ശിക്ഷയിൽ നിന്നും ഇളവ് തേടി ഇയാളുടെ കുടുംബം ശ്രമങ്ങളാരംഭിക്കുകയായിരുന്നു.കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കാണാത്തതിനാൽ ഒരു ബന്ധുവഴിയാണ് യൂസഫലിയുമായി കൃഷ്ണന്റെ കുടുംബം മനസ് തുറക്കുന്നത്. തുടർന്ന് അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാമെന്ന് ഏൽക്കുകയായിരുന്നു. ഇതിന് മരിച്ച ബാലന്റെ കുടുംബം സമ്മതിച്ചതോടെയാണ് ബെക്സ് കൃഷ്ണന് ജയിൽ മോചനത്തിനുള്ള വഴി തുറന്നത്. ചർച്ചകൾക്കായി സുഡാനിൽ നിന്നും ബാലന്റെ കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. മകന്റെ കൊലയാളിക്ക് മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. നഷ്ടപരിഹാരമായി 5 ലക്ഷം ദിർഹം യൂസഫലി ജനുവരിയോടെ കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു. അടുത്ത ദിവസം ബെക്സ് കൃഷ്ണൻ നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
കൃഷ്ണന് ആശംസകളോടെ യൂസഫലി
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാദ്ധ്യമായതിൽ സർവശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം എ യൂസഫലി. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതവും അദ്ദേഹം ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !