ബാറ്റിങ്ങും ബോളിങ്ങിലും ഒരുപോലെ പരാജയപ്പെട്ട ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് 8 വിക്കറ്റിനു തോറ്റു. 2 വിക്കറ്റിന് 64 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയെ കിവീസ് 170 റൺസിൽ എറിഞ്ഞൊതുക്കി. 53 ഓവറിൽ 139 എന്ന വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടമാക്കി അവർ എത്തിപ്പിടിച്ചു. സ്കോർ: ഇന്ത്യ– 217,170, ന്യൂസീലൻഡ്– 249, 2–140.
അവസാന ദിവസം പിടിച്ചുനിന്നു മത്സരം രക്ഷിച്ചെടുക്കുന്നതിനു പകരം അനാവശ്യ ഷോട്ടുകളിലൂടെ ബാറ്റ്സ്മാൻമാർ വിക്കറ്റു വലിച്ചെറിഞ്ഞതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. കിവീസിന്റെ 2 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയ്ക്ക് അൽപനേരം പ്രതീക്ഷ നൽകിയെങ്കിലും മറ്റു ബോളർമാർ അവസരത്തിനൊത്ത് ഉയർന്നില്ല. മറുവശത്ത് കരുതലോടെ ബാറ്റു ചെയ്ത ന്യൂസീലൻഡ് 43 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം എത്തിപ്പിടിച്ചു.
44 റൺസിനിടെ 2 വിക്കറ്റ് വീണതോടെ ഒത്തു ചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (89 പന്തിൽ 52*), റോസ് ടെയ്‌ലർ (100 പന്തിൽ 47*) എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണു കിവീസിനെ വിജയത്തിലെത്തിച്ചത്. അശ്വിനെ കയറി അടിക്കാൻ ശ്രമിച്ച ടോം ലാഥത്തെ (9) ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണു പുറത്താക്കിയത്. ഡെവോൺ കോൺവേയെ (19) അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കി.
ഒരു റൺസ് എടുത്തുനിൽക്കെ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ വില്യംസൻ റിവ്യൂവിലൂടെയാണു രക്ഷപ്പെട്ടത്. 45 റണ്‍സ് എടുത്തു നിൽക്കെ ഷമിയുടെ പന്തിൽ ബുമ്രയും വില്യംസനെ നിലത്തിട്ടു. 26 റൺസ് എടുത്തു നിൽക്കെ ബുമ്രയുടെ പന്തിൽ ഒന്നാം സ്ലിപ്പിൽ ചേതേശ്വർ പൂജാര റോസ് ടെയ്‌ലറെ വിട്ടു കളഞ്ഞതും ഇന്ത്യയ്ക്കു വിനയായി.
4 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട്, കോലിയെയും പൂജാരയെയും മടക്കിയ കൈൽ ജയ്മിസൻ എന്നിവരാണ് ഇന്ത്യയെ തകർത്തത്. ആറാം ദിവസം തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യൻ ഇന്നിങ്സിൽ മികച്ച ഒരു കൂട്ടുകെട്ടു പോലും പിറന്നില്ല.
ക്യാപ്റ്റൻ വിരാട് കോലി (29 പന്തിൽ 13), ചേതേശ്വർ പൂജാര (80 പന്തിൽ 15), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (40 പന്തിൽ 15), രവീന്ദ്ര ജഡേജ (49 പന്തിൽ 16), ഋഷഭ് പന്ത് (88 പന്തിൽ 41), രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 7) എന്നിവര്‍ അൽപനേരം പിടിച്ചുനിന്നു. വാലറ്റത്തെ കിവീസ് പേസർമാർ ചുരുട്ടിക്കെട്ടിയതോടെ ഉച്ചഭക്ഷണത്തിനു ശേഷം അധികം വൈകാതെ തന്നെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 99 റൺസ് ചേർക്കുന്നതിനിടെയാണ് അവസാന 8 വിക്കറ്റുകൾ നിലംപൊത്തിയത്.
വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരെ കൈൽ ജയ്മിസൻ മടക്കിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. ആദ്യ ഇന്നിങ്സിലും കോലിയെ പുറത്താക്കിയത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ സഹതാരമായ ജയ്മിസനാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ ഷോർട്ട് ലെങ്ത് ബോളിൽ ബാറ്റുവച്ച കോലിക്ക് പിഴച്ചു. വിക്കറ്റ് കീപ്പർ ജെ.ബി. വാട്‍ലിങ് ക്യാച്ചെടുത്തു. തന്റെ അടുത്ത വരവിൽ പൂജാരയുടെ പ്രതിരോധവും ജയ്മിസന്‍ തകർത്തതോടെ ഇന്ത്യ വീണ്ടും തകർന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !