പ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സെസ് ഇന്ന് അവസാനിക്കും. നാളെ മുതല്‍ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും അടക്കം വിലയേറിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം നാളെ മുതല്‍ കേരളത്തില്‍ നേരിയ വിലക്കുറവ് ഉണ്ടാകും.
2019 ഓഗസ്റ്റ് ഒന്നിന് കേരളത്തില്‍ മാത്രമായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് പിന്‍വലിക്കുന്നതോടെയാണ് വില കുറയുന്നത്. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.
12%, 18%, 28% എന്നീ ജിഎസ്ടി നിരക്കുകളുള്ള ആയിരത്തോളം ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനവുമാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ്, സ്വര്‍ണം, വെള്ളി, ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസ് ആണ് നാളെ മുതല്‍ ഇല്ലാതാവുക.
പ്രളയ സെസ് ഏര്‍പ്പെടുത്തിയത് വഴി സംസ്ഥാന സര്‍ക്കാരിനുണ്ടായത് വന്‍ നേട്ടമാണ്. ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച്ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോള്‍ 2000 കോടിയോളം ഈ ഇനത്തില്‍ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !