രാജസ്ഥാൻ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂർ 17 പന്തുകൾ ശേഷിക്കേ വിജയത്തിലെത്തി. അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ഗ്ലെൻ മാക്സ്വെല്ലും 44 റൺസെടുത്ത ശ്രീകർ ഭരതുമാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂർ ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ഒൻപതിന് 149. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 17.1 ഓവറിൽ മൂന്നിന് 153.
ഈ വിജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. മറുവശത്ത് രാജസ്ഥാന്റെ സാധ്യതകൾ മങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ മാക്സ്വെല്ലാണ് രാജസ്ഥാൻ ബൗളർമാരെ തകർത്തത്. ഈ വിജയത്തോടെ ബാംഗ്ലൂർ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാൻ ഏഴാമതാണ്.
150 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തു. ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടിക്കൊണ്ട് കോലി വരവറിയിച്ചു. സക്കറിയ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ദേവ്ദത്തിനെ പുറത്താക്കാനുള്ള സുവർണാവസരം സഞ്ജു പാഴാക്കി.
കോലിയും ദേവ്ദത്തും ചേർന്ന് അതിവേഗത്തിൽ ബാംഗ്ലൂർ ഇന്നിങ്സിനെ നയിച്ചു. ആദ്യ അഞ്ചോവറിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ആറാം ഓവറിൽ 17 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ദേവ്ദത്തിനെ ക്ലീൻ ബൗൾഡാക്കി മുസ്താഫിസുർ റഹ്മാൻ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു.
പിന്നാലെ അപ്രതീക്ഷിതമായി കോലി റൺ ഔട്ടായതോടെ ബാംഗ്ലൂർ അപകടം മണത്തു. 20 പന്തുകളിൽ നിന്ന് 25 റൺസെടുത്ത കോലിയെ തകർപ്പൻ ത്രോയിലൂടെ റിയാൻ പരാഗാണ് പുറത്താക്കിയത്. രണ്ടുവിക്കറ്റ് വീണ ശേഷം ക്രീസിൽ ശ്രീകർ ഭരത്തും ഗ്ലെൻ മാക്സ്വെല്ലും ഒത്തുചേർന്നു. ആദ്യ പത്തോവറിൽ 79 റൺസാണ് ബാംഗ്ലൂർ നേടിയത്.
വളരെ ശ്രദ്ധയോടെ കളിച്ച ഭരതും മാക്സ്വെല്ലും ചേർന്ന് ബാംഗ്ലൂരിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 12.3 ഓവറിൽ ടീം സ്കോർ 100 കടന്നു. ഒപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും ഇവർ പടുത്തുയർത്തി.
ഭരത്താണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. മാക്സ്വെൽ അതിനുള്ള അവസരമൊരുക്കി. പിന്നാലെ ട്വന്റി 20 യിൽ മാക്സ്വെൽ 7000 റൺസ് തികച്ചു. മികച്ച രീതിയിൽ മുന്നോട്ടുപോകുകയായിരുന്ന ഭരത്-മാക്സ്വെൽ കൂട്ടുകെട്ടിനെ തകർത്ത് മുസ്താഫിസുർ വീണ്ടും രാജസ്ഥാന് പ്രതീക്ഷ പകർന്നു.
35 പന്തുകളിൽ നിന്ന് 44 റൺസെടുത്ത ഭരതിനെ പുറത്താക്കിയാണ് മുസ്താഫിസുർ ഈ കൂട്ടുകെട്ട് പൊളിച്ചത്. ടീമിനെ വിജയത്തിന്റെ പടിക്കലെത്തിച്ച ശേഷമാണ് ഭരത് ക്രീസിൽ നിന്ന് മടങ്ങിയത്. ഒപ്പം മാക്സ്വെല്ലിനൊപ്പം നിർണായകമായ 69 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി.
ഭരത് പുറത്തായ ശേഷം ആക്രമിച്ച് കളിച്ച മാക്സ്വെൽ അതിവേഗത്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം അർധശതകവും നേടി. 30 പന്തുകളിൽ നിന്ന് ആറുഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് താരം പുറത്താവാതെ 50 റൺസ് നേടിയത്. ഡിവില്ലിയേഴ്സാണ് ടീമിന് വേണ്ടി വിജയറൺ നേടിയത്. താരം നാല് റൺസെടുത്ത് പുറത്താവാതെ നിന്നു.
രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. തകർപ്പൻ തുടക്കം ലഭിച്ചിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ രാജസ്ഥാൻ പരാജയപ്പെട്ടു.
രാജസ്ഥാൻ മധ്യനിര വീണ്ടും പരാജയമായി. അർധസെഞ്ചുറി നേടിയ എവിൻ ലൂയിസും 31 റൺസെടുത്ത യശസ്വി ജയ്സ്വാളും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ആദ്യ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്ത രാജസ്ഥാന് പിന്നീടുള്ള 9 ഓവറിൽ വെറും 49 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ട് വിക്കറ്റുകളും നഷ്ടപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും ജശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. അരങ്ങേറ്റ താരം ജോർജ് ഗാർട്ടൺ എറിഞ്ഞ നാലാം ഓവറിൽ എവിൻ ലൂയിസ് രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസെടുത്തു. 4.5 ഓവറിൽ ടീം സ്കോർ 50 കടന്നു. ലൂയിസായിരുന്നു കൂടുതൽ അപകടകാരി.
ബാംഗ്ലൂർ ബൗളർമാരെ അനായാസം നേരിട്ട ലൂയിസ് സ്കോർ അതിവേഗത്തിൽ ഉയർത്തി. ജയ്സ്വാളും നന്നായി കളിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 77 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ഓൾറൗണ്ടർ ഡാൻ ക്രിസ്റ്റിയൻ ബാംഗ്ലൂരിന് ആശ്വാസമേകി. 22 പന്തുകളിൽ നിന്ന് 31 റൺസെടുത്ത ജയ്സ്വാളിനെ സിറാജ് ക്യാച്ചെടുത്ത് പുറത്താക്കി.
ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. പിന്നാലെ എവിൻ ലൂയിസ് 31 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തി. രാജസ്ഥാൻ റോയൽസിനുവേണ്ടി ആദ്യമായാണ് താരം അർധസെഞ്ചുറി നേടുന്നത്. 11 ഓവറിൽ ടീം സ്കോർ 100 കടന്നു.
എന്നാൽ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ എവിൻ ലൂയിസ് പുറത്തായി. 37 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 58 റൺസെടുത്ത താരത്തെ ഗാർട്ടൺ പുറത്താക്കി. ഗാർട്ടന്റെ ആദ്യ ഐ.പി.എൽ വിക്കറ്റാണിത്.
പിന്നാലെ വന്ന മഹിപാൽ ലോംറോറിനും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസ് മാത്രമെടുത്ത താരത്തെ യൂസ്വേന്ദ്ര ചാഹൽ പുറത്താക്കി. പിന്നാലെ നായകൻ സഞ്ജു കൂടി വീണതോടെ രാജസ്ഥാൻ തകർച്ചയിലേക്ക് വീണു. ഷഹബാസ് അഹമ്മദിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകി മടങ്ങി. 15 പന്തുകളിൽ നിന്ന് 19 റൺസാണ് താരം നേടിയത്. അതേ ഓവറിൽ തന്നെ രാഹുൽ തെവാത്തിയയെയും പറഞ്ഞയച്ച് ഷഹബാസ് രാജസ്ഥാനെ തകർത്തു. വെറും രണ്ട് റൺസ് മാത്രമെടുത്ത തെവാത്തിയയും ദേവ്ദത്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഇതോടെ രാജസ്ഥാൻ 117 ന് അഞ്ച് എന്ന നിലയിലായി.
പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റൺ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും രണ്ട് റൺസ് മാത്രെടുത്ത താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ക്രിസ് മോറിസും പരാഗും ചേർന്നാണ് ടീം സ്കോർ 140 കടത്തിയത്.
അവസാന ഓവറിൽ പരാഗ് ഹർഷൽ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ ക്രിസ് മോറിസിനെയും മടക്കി ഹർഷൽ രാജസ്ഥാന്റെ എട്ടാം വിക്കറ്റെടുത്തു.14 റൺസെടുത്ത മോറിസിനെ തകർപ്പൻ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കൽ പുറത്താക്കി. ഓവറിലെ അവസാന പന്തിൽ ചേതൻ സക്കറിയയെയും പുറത്താക്കി ഹർഷൽ മൂന്നാം വിക്കറ്റ് ആഘോഷിച്ചു.
ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹബാസ് അഹമ്മദും യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം നേടി. ജോർജ് ഗാർട്ടൺ, ഡാൻ ക്രിസ്റ്റിയൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !