കെ റെയില്‍: ഏറ്റെടുക്കുന്ന വസ്തുവിന് ഗ്രാമങ്ങളില്‍ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

0
കെ റെയില്‍: ഏറ്റെടുക്കുന്ന വസ്തുവിന് ഗ്രാമങ്ങളില്‍ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി | K Rail: CM says compensation of four times in rural areas and twice in urban areas for property acquired

സെമിഹൈസ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗ്ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യത്തിനനുസരിച്ച് റെയില്‍വേ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും അത് നടപ്പിലാക്കുവാനും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചത് ഇതിനുവേണ്ടിയാണ്. നമ്മുടേതുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ഇത്തരം സംരംഭങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ 49 ശതമാനം ഓഹരി റെയില്‍വേയും 51 ശതമാനം സംസ്ഥാന സര്‍ക്കാരും എന്ന നിലയില്‍ 100 കോടി രൂപ ഇതിനായി വകയിരുത്തി. കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെ -റെയില്‍) എന്ന സംയുക്തസംരംഭം രൂപീകരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട റെയില്‍വേ ലൈന്‍ കടന്നുപോകുന്ന മണ്ഡലങ്ങളിലെ ബഹു. സാമാജികരുടെ മുമ്പാകെ പദ്ധതിയുടെ വിശാദംശങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സുതാര്യമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ നടത്തുന്നതിനായി ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ ലിഡാര്‍ എന്ന റിമോട്ട് സെന്‍സിംഗ് സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. ഇത് സര്‍വ്വേക്കായുള്ള സമയം വളരെയേറെ ലാഭിക്കാന്‍ ഇടയാക്കുകയാണ്. ഭൂമിയുടെ പ്രതലത്തില്‍ നിന്നും വളരെയേറെ കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കുന്ന സാങ്കേതികവിദ്യയാണിത്.

ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നതാണ്. അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതാണ്. അലൈന്‍മെന്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി 2021 ജനുവരി 15 ന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളായ ജയ്ക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി. എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇത്തരം സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസനപദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്ത് എവിടെയും ഇല്ല. പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലില്‍ ഒന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക- ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല.

ഏറ്റവും സാങ്കേതികമായും സാമ്പത്തികമായും അതിലുപരി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ പദ്ധതിക്കുള്ള അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. മാത്രമല്ല, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത് എന്ന കാര്യവും വിസ്മരിക്കരുത്.

റെയില്‍വേ പാതയ്ക്ക് സമാന്തരമായി പാത നിര്‍മ്മിക്കാന്‍ കഴിയുന്ന തിരൂര്‍ -കാസര്‍ഗോഡ് റൂട്ടില്‍ പരമാവധി അതിനു സമാന്തരമായാണ് പുതിയ അലൈന്‍മെന്റ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങള്‍ക്കുള്ള അസൗകര്യവും പരിസ്ഥിതി ആഘാതവും ഗണ്യമായി കുറയാന്‍ ഇടയാക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള അലൈന്‍മെന്റില്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കി എലിവേറ്റഡ് പാതയാണ് ഉദ്ദേശിക്കുന്നത് 115 കി.മി. പാടശേഖരങ്ങളില്‍ 88 കി.മി. ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കല്‍വെര്‍ട്ടുകളും ഇതിനായി നിര്‍മ്മിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !