ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 73 റൺസിന്റെ തകർപ്പൻ ജയം

0
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 73 റൺസിന്റെ തകർപ്പൻ ജയം | india won the third Twenty20 match against New Zealand by 73 runs.

കൊൽക്കത്ത
: ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 73 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.

ഇന്ത്യയുടെ ട്വന്റി 20 ടീം നായകനായി സ്ഥാനമേറ്റ രോഹിത്തിനും പരിശീലകനായി തുടങ്ങിയ ദ്രാവിഡിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസീലൻഡിനെ നിലം തൊടാൻ അനുവദിക്കാതെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

185 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിനുവേണ്ടി മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലുമാണ് ഓപ്പൺ ചെയ്തത്. മിച്ചൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് ഗപ്റ്റിൽ അടിച്ചുതകർത്തു. ദീപക് ചാഹറെറിഞ്ഞ രണ്ടാം ഓവറിൽ 16 റൺസാണ് കിവസ് അടിച്ചെടുത്തത്. അവസാന പന്തിൽ അപകടകാരിയായ ഗപ്റ്റിലിന്റെ ക്യാച്ച് ചാഹർ നഷ്ടപ്പെടുത്തി.

എന്നാൽ തൊട്ടടുത്ത ഓവറിൽ ഇന്ത്യ തിരിച്ചടിച്ചു. അക്ഷർ പട്ടേൽ ചെയ്ത മൂന്നാം ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഡാരിൽ മിച്ചൽ ഹർഷൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. വെറും അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മാർക്ക് ചാപ്മാനെ റൺസെടുക്കും മുൻപ് അക്ഷർ പുറത്താക്കി. അക്ഷറിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച ചാപ്മാനെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ന്യൂസീലൻഡ് സമ്മർദ്ദത്തിലായി.

ചാപ്മാന് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി. എന്നാൽ ഫിലിപ്സിനെ ക്ലീൻ ബൗൾഡാക്കി അക്ഷർ വീണ്ടും കിവീസിനെ തകർത്തു. സ്വീപ് ഷോട്ടിന് ശ്രമിച്ച ഫിലിപ്സിന്റെ കണക്കുകൂട്ടൽ തെറ്റി. പന്ത് വിക്കറ്റ് പിഴുതു. റൺസെടുക്കാതെയാണ് താരം ക്രീസ് വിട്ടത്. ഇതോടെ കിവീസ് 30 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

ഫിലിപ്സിന് പകരം സീഫേർട്ടാണ് ക്രീസിലെത്തിയത്. സീഫേർട്ടിനെ കാഴ്ചക്കാരനാക്കി ഗപ്റ്റിൽ അടിച്ചുതകർത്തു. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഗപ്റ്റിൽ വൈകാതെ അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 36 പന്തുകളിൽ നിന്ന് നാലുവീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത ഗപ്റ്റിലിനെ സൂര്യകുമാർ യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. സിക്സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം ഫലം കണ്ടില്ല. ഗപ്റ്റിൽ പുറത്താകുമ്പോൾ കിവീസ് വെറും 69 റൺസ് മാത്രമാണ് നേടിയത്. ഗപ്റ്റിലിന് പകരം ജെയിംസ് നീഷാം ക്രീസിലെത്തി.

പിന്നാലെ സീഫേർട്ട് റൺ ഔട്ടാകുകയും ചെയ്തതോടെ കിവീസ് തകർന്നു. 17 റൺസെടുത്ത സീഫേർട്ടിനെ ഇഷാൻ കിഷനാണ് റൺ ഔട്ടാക്കിയത്. സീഫേർട്ടിന് പകരം നായകൻ മിച്ചൽ സാന്റ്നറാണ് ക്രീസിലെത്തിയത്. സീഫേർട്ടിന് പിന്നാലെ നീഷാമിനെയും ഇന്ത്യ മടക്കി. ഹർഷൽ പട്ടേലിന്റെ പന്തിൽ സിക്സ് അടിക്കാനുള്ള നീഷാമിന്റെ ശ്രമം പന്തിന്റെ കൈയ്യിലൊതുങ്ങി. വെറും മൂന്ന് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ കിവീസ് 76 ന് ആറ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

കിവീസ് നായകനും അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത സാന്റ്നറെ ഇഷാൻ കിഷൻ റൺ ഔട്ടാക്കി. സാന്റ്നർക്ക് പകരം ക്രീസിലെത്തിയ ഇഷ് സോധി തുടർച്ചയായി രണ്ട് ഫോർ നേടിക്കൊണ്ട് വരവറിയിച്ചു. എന്നാൽ മറുവശത്ത് ആദം മിൽനേ നിരാശപ്പെടുത്തി. ഏഴ് റൺസ് മാത്രമെടുത്ത മിൽനെ വെങ്കടേഷ് അയ്യർക്ക് വിക്കറ്റ് സമ്മാനിച്ചു. വെങ്കടേഷിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ സോധിയെ ഹർഷൽ പട്ടേൽ പറഞ്ഞയച്ചു. ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം.

അവസാന വിക്കറ്റിൽ ട്രെന്റ് ബോൾട്ടും ലോക്കി ഫെർഗൂസനും ഒന്നിച്ചു. ഹർഷൽ പട്ടേലിന്റെ ഓവറിൽ രണ്ട് സിക്സ് നേടിക്കൊണ്ട് ഫെർഗൂസൻ ടീം സ്കോർ 100 കടത്തി. 18-ാം ഓവറിലെ രണ്ടാം പന്തിൽ ഫെർഗൂസനെ മടക്കി ദീപക് ചാഹർ കിവീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്നോവറിൽ 9 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റെടുത്തു. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെങ്കടേഷ് അയ്യർ, യൂസ്വേന്ദ്ര ചാഹൽ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഇന്ത്യൻ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിര ബാറ്റ്സ്മാൻമാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് ടീം സ്കോർ 180 കടത്തിയത്. ദീപക് ചാഹറും ഹർഷൽ പട്ടേലും അവസാന ഓവറുകളിൽ അടിച്ചുതകർത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. രാഹുലിനും അശ്വിനും വിശ്രമമനുവദിച്ച മത്സരത്തിൽ കിഷനും യൂസ്വേന്ദ്ര ചാഹലും ടീമിലിടം നേടി. കിഷനും രോഹിത്തും ആദ്യ ഓവർ തൊട്ട് ആക്രമിച്ചാണ് കളിച്ചത്. വെറും 5.1 ഓവറിൽ ടീം സ്കോർ 50 കടന്നു.

ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്ത്തി മിച്ചൽ സാന്റ്നർ കിവീസിന് പ്രതീക്ഷ പകർന്നു.

സാന്റ്നറുടെ പന്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച കിഷന്റെ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പർ ടിം സീഫേർട്ടിന്റെ കൈയ്യിലെത്തി. 21 പന്തുകളിൽ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റൺസെടുത്താണ് കിഷൻ ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് പിടിച്ചുനിൽക്കാനായില്ല. നാല് പന്ത് നേരിട്ട താരം റൺസൊന്നുമെടുക്കാതെ സാന്റ്നർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മാർട്ടിൻ ഗപ്റ്റിലാണ് സൂര്യകുമാറിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സാന്റ്നറുടെ ഓവറിൽ രണ്ട് നിർണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

സൂര്യകുമാറിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാൽ സാന്റ്നറുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് ജെയിംസ് നീഷാമിന് ക്യാച്ച് നൽകി മടങ്ങി. വെറും നാല് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 83 ന് മൂന്ന് എന്ന സ്കോറിലേക്ക് വീണു. പന്തിന് പകരം ശ്രേയസ്സ് അയ്യർ ക്രീസിലെത്തി.

ശ്രേയസ്സിനെ സാക്ഷിയാക്കി രോഹിത് അർധസെഞ്ചുറി നേടി. 27 പന്തുകളിൽ നിന്നാണ് രോഹിത് അർധശതകത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ 26-ാം ട്വന്റി 20 അർധസെഞ്ചുറിയാണിത്. 11 ഓവറിൽ ഇന്ത്യ 100 റൺസ് മറികടന്നു.

എന്നാൽ തൊട്ടടുത്ത ഓവറിൽ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇഷ് സോധിയുടെ പന്തിൽ ഫോറടിക്കാൻ ശ്രമിച്ച രോഹിത് ബൗളർക്ക് തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങി. തകർപ്പൻ ക്യാച്ചിലൂടെയാണ് സോധി രോഹിത്തിനെ പുറത്താക്കിയത്. 31 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റൺസെടുത്താണ് രോഹിത് ക്രീസ് വിട്ടത്.

രോഹിത് മടങ്ങിയതിനുപിന്നാലെ വെങ്കടേഷ് അയ്യർ ക്രീസിലെത്തി. ശ്രേയസും വെങ്കടേഷും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ടീം സ്കോർ 139-ൽ നിൽക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് ട്രെന്റ് ബോൾട്ടിന്റെ പന്തിൽ മാർക്ക് ചാപ്പ്മാന് ക്യാച്ച് നൽകി മടങ്ങി. 15 പന്തുകളിൽ നിന്ന് 20 റൺസാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടുത്ത ഓവറിൽ ശ്രേയസ് അയ്യരെ ആദം മിൽനെ മടക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് വീണു.

മിൽനെയുടെ പന്തിൽ അനാവശ്യ ഷോട്ട് കളിച്ച ശ്രേയസ് ഡാരിൽ മിച്ചലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 20 പന്തുകളിൽ നിന്ന് 25 റൺസാണ് ശ്രേയസ്സിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 140 ന് ആറ് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

ഏഴാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹർഷൽ പട്ടേലും അക്ഷർ പട്ടേലും ചേർന്ന് ടീം സ്കോർ 150 കടത്തി. 17.3 ഓവറിലാണ് ഇന്ത്യ 150 കടന്നത്. ഹർഷൽ പട്ടേൽ രണ്ട് സിക്സടിച്ച് ടീം സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ ലോക്കി ഫെർഗൂസൻ എറിഞ്ഞ 19-ാം ഓവറിൽ ഹർഷൽ നിർഭാഗ്യവശാൽ ഹിറ്റ് വിക്കറ്റായി പുറത്തായി. 11 പന്തുകളിൽ നിന്ന് 18 റൺസാണ് ഹർഷൽ അടിച്ചെടുത്തത്.

ഹർഷലിന് പകരമെത്തിയ ദീപക് ചാഹറും അടിച്ചുതകർക്കാൻ തുടങ്ങി. ആദം മിൽനെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ഫോറടിച്ച ചാഹർ നാലാം പന്തിൽ സിക്സ് നേടി. ചാഹർ വെറും എട്ട് പന്തിൽ നിന്ന് 21 റൺസെടുത്തും അക്ഷർ രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു.

ന്യൂസീലൻഡിനുവേണ്ടി നായകൻ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദം മിൽനെ, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !