ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ആദ്യ ടീം.
അഫ്ഗാന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം കിവീസ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കിവീസിന്റെ ജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി.
125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോര്‍ 26-ല്‍ നില്‍ക്കേ 12 പന്തില്‍ 17 റണ്‍സുമായി ഡാരില്‍ മിച്ചല്‍ മടങ്ങി.
23 പന്തില്‍ നിന്ന് നാലു ഫോറടക്കം 28 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഒമ്പതാം ഓവറില്‍ റാഷിദ് ഖാന്‍ മടക്കി.
പിന്നാലെ മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്ത കെയ്ന്‍ വില്യംസണ്‍ - ഡെവോണ്‍ കോണ്‍വെ സഖ്യമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
42 പന്തുകള്‍ നേരിട്ട വില്യംസണ്‍ 40 റണ്‍സോടെ പുറത്താകാതെ നിന്നു. കോണ്‍വെ 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകള്‍ നേരിട്ട സദ്രാന്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 73 റണ്‍സെടുത്തു.
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്‌റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ നഷ്ടമായി.
തുടര്‍ന്ന് ഗുല്‍ബാദിന്‍ നയ്ബും നജിബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ 56 റണ്‍സ് വരെയെത്തിച്ചു. 18 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത നയ്ബിനെ പുറത്താക്കി ഇഷ് സോധി 10-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സദ്രാന്‍ - മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്. പിന്നാലെ സദ്രാനും മടങ്ങിയതോടെ ഡെത്ത് ഓവറുകളില്‍ അഫ്ഗാന് സ്‌കോര്‍ ഉയര്‍ത്താനായില്ല.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. അഫ്ഗാന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീന്‍ അഷ്റഫിന് പകരം മുജീബുര്‍ റഹ്മാന്‍ ടീമിലെത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !