മലപ്പുറം | സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണ ചുമതലകളില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കി പകരം കമ്യൂണിറ്റി കിച്ചണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണം, പാല്‍ , മുട്ട വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രധാനാധ്യാപകര്‍ക്ക് കഴിയുന്നില്ല. ഉച്ചഭക്ഷണ തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് കമ്പോള വില നിലവാരം അനുസരിച്ച് ഒരു കുട്ടിക്ക് 15 രൂപ നിരക്കില്‍ തുക അനുവദിക്കണം.
മുട്ട, പാല്‍ വിതരണത്തിന് പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണം. 2016 ല്‍ ഉച്ചഭക്ഷണ ചിലവിലേക്ക് നിശ്ചയിച്ച് എട്ടു രൂപ നിരക്കിലാണ് തുക ഇപ്പോഴും അനുവദിക്കുന്നത്. 150 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് എട്ടു രൂപ നിരക്കിലും 150 മുതല്‍ 500 വരെയുള്ള കുട്ടികള്‍ക്ക് 7 രൂപ നിരക്കിലും 500 ന് മുകളിലുള്ള ഓരോ കുട്ടിക്കും 6 രൂപ നിരക്കിലുമാണ് തുക അനുവദിക്കുന്നത്. പച്ചക്കറി, പലവ്യജ്ഞനങ്ങള്‍, പാല്‍, മുട്ട , ഗ്യാസ് തുടങ്ങിയ അവശ്യ സാധനങ്ങളുടെ വില ഇരട്ടിയോ അതില്‍ അധികമോ ആയതിനാല്‍ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് ഓരോ പ്രധാനാധ്യാപകനും. എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ സമിതി വിളിച്ചുകൂട്ടി നിരവധി സാമ്പത്തിക അപര്യാപ്തത വിശദീകരിക്കാനും യോഗം തീരുമാനിച്ചു.
പ്രധാനാധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. യൂസഫ് സിദ്ധീഖ്, പി. സെയ്തലവി, പി. മണികണ്ഠന്‍, സി എച്ച് യാസര്‍ അലി, പി. അബ്ദുറഹിമാന്‍, നയീം കിഴിശ്ശേരി, ടി എം ജലീല്‍, അഷ്‌റഫ്, പി. രായിന്‍കുട്ടി, കെ എം രമാദേവി, മുനീര്‍ , സബാഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !