യുഎഇയിലെ നിയമ പരിഷ്കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, വീട്ടുജോലിക്കാർക്കു സംരക്ഷണം

0
യുഎഇയിലെ നിയമ പരിഷ്കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, വീട്ടുജോലിക്കാർക്കു സംരക്ഷണം | Legal reform in the UAE; Life imprisonment for rape, protection for domestic workers
രാജ്യരൂപീകരണത്തിന്റെ 50ാം വർഷത്തിൽ 40 ലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്

അബുദാബി
| സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിർമാണ പരിഷ്കാരങ്ങൾക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിർമാണ പരിഷ്‌കാരങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകി.

രാജ്യരൂപീകരണത്തിന്റെ 50ാം വർഷത്തിൽ 40 ലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകർപ്പവകാശം, വ്യാപാരമുദ്രകൾ, വാണിജ്യ റജിസ്റ്റർ, ഇലക്ട്രോണിക് ഇടപാടുകൾ, ട്രസ്റ്റ് സേവനങ്ങൾ, ഫാക്‌ടറി, റെസിഡൻസി എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ നിയമനിർമാണ ഘടന വികസിപ്പിക്കുന്നതിനാണ് ഭേദഗതികൾ. കുറ്റകൃത്യവും ശിക്ഷയും, ഓൺലൈൻ സുരക്ഷ, ലഹരിമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉൽപാദനം, വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും ഉൾപ്പെടും.

സ്മാർട് സംവിധാനങ്ങളുടെ സഹായത്തോടെ ഇലക്‌ട്രോണിക് ഇടപാടുകളും സേവനങ്ങളും മെച്ചപ്പെടുത്താനും നിർദേശിക്കുന്നു. ഡിജിറ്റൽ ഒപ്പിനും പരിരക്ഷ നൽകും. ഇടപാടുകൾ മുദ്രവയ്ക്കുന്നതിനും ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് കരാറുകളും സർക്കാർ ഇടപാടുകളും നടത്തുന്നതിനും അനുമതിയുണ്ട്. എന്നാൽ ഇടപാട് ആരംഭിക്കുന്ന രാജ്യങ്ങളിൽ യുഎഇ മാനദണ്ഡങ്ങൾക്ക് സമാനമായ അത്യാധുനിക സംവിധാനമുണ്ടാകണം.

ഇലക്ട്രോണിക് ഇടപാടുകളുടെയും ട്രസ്റ്റ് സേവനങ്ങളുടെയും നിയമം, വിവാഹം, വ്യക്തിഗത സ്റ്റാറ്റസ്, നോട്ടറി, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ വാടകയ്‌ക്ക് എടുക്കൽ, വാങ്ങൽ, വിൽക്കൽ, കരാറുകൾ ഭേദഗതി ചെയ്യൽ എന്നിവ ഉൾപ്പെടെ സിവിൽ, വാണിജ്യ നടപടിക്രമങ്ങളും സുഗമമാക്കുന്നതാണ് പുതിയ നിയമം.

വ്യാവസായിക സ്വത്ത് സംരക്ഷിക്കലും അതിന്റെ റജിസ്ട്രേഷൻ, ഉപയോഗം, ചൂഷണം, നിയമനം എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ നിയന്ത്രിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. പേറ്റന്റുകൾ, വ്യാവസായിക രൂപകൽപനകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, നോൺ-ഡിസ്‌ക്ലോഷർ കരാറുകൾ, യൂട്ടിലിറ്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ യുഎഇയിൽ ഉടനീളം (ഫ്രീ സോണുകൾ ഉൾപ്പെടെ) ബാധകമാകും വിധമാണ് നിയമം പരിഷ്കരിച്ചത്.

വ്യാപാര മുദ്രയുടെ റജിസ്ട്രേഷന് ട്രേഡ് ലൈസൻസ് വേണമെന്ന നിബന്ധന ഇല്ലാതാക്കി. രാജ്യാന്തര പ്രദർശനത്തിലെത്തിക്കുന്ന ഉൽപന്നങ്ങളുടെ വ്യാപാരമുദ്ര സംരക്ഷിക്കുന്നതിന് എസ്എംഇ ഉടമകൾക്ക് താൽക്കാലിക പരിരക്ഷ നൽകും. ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾക്ക് റജിസ്ട്രേഷൻ, ഡേറ്റ നിരീക്ഷണം, മാറ്റം ഉൾപ്പെടെ അവരുടെ വാണിജ്യ രേഖകൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നിലനിർത്തുന്ന കൊമേഴ്സ്യൽ റജിസ്റ്റർ നിയമവും ഭേദഗതി ചെയ്തു.

സാമ്പത്തിക മന്ത്രാലയത്തിന്റെ വാണിജ്യ റജിസ്റ്ററിൽ യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യവസായങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തും. ചെറുകിട ഇടത്തരം കമ്പനികളെ പിന്തുണയ്ക്കുന്ന നിയമവുമുണ്ട്. നിക്ഷേപകരെ ആകർഷിക്കും, സ്ത്രീകൾക്ക് സംരക്ഷണം

വാണിജ്യ കമ്പനികൾ
തന്ത്രപ്രധാന മേഖലകളിൽ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും പൂർണ ഉടമസ്ഥതയോടെ കമ്പനികൾ ആരംഭിക്കാനുള്ള നിയമഭേദഗതി നിക്ഷേപകരെ ആകർഷിക്കും. പുതിയ വാണിജ്യ കമ്പനി നിയമം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ ആഗോള ബിസിനസ് ഹബ്ബായി യുഎഇയെ ഉയർത്തും. യുഎഇയിൽ വാണിജ്യസ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നിയമം, നടപടിക്രമം, വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ എന്നിവയും വിശദമായി പ്രതിപാദിക്കുന്നു.

ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രിക്കുക, പാഠ്യപദ്ധതികൾ അംഗീകരിക്കുക, സ്ഥാപനങ്ങളുടെ പ്രവർത്തനവും നിലവാരവും ഉറപ്പാക്കുക, നിലവാരവും മത്സരക്ഷമതയും മെച്ചപ്പെടുത്തുക, ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിയമങ്ങൾ ഫ്രീ സോണിലൊഴികെയുള്ള സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഡിപ്ലോമ, ഹയർ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും ഉൾക്കൊള്ളും.

കുറ്റകൃത്യവും ശിക്ഷയും
സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തി. കൂടാതെ വിവാഹേതര ബന്ധങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

പൊതുസ്ഥലത്ത് മദ്യപിക്കരുത്
പൊതുസ്ഥലത്തോ ലൈസൻസില്ലാത്ത സ്ഥലങ്ങളിലോ മദ്യം കഴിക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. 21 വയസ്സിനു താഴെയുള്ളവർക്കു മദ്യം വിൽക്കുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്.

ബലാത്സംഗത്തിന് ജീവപര്യന്തം
ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നു. ഇര 18 വയസ്സിനു താഴെയോ വികലാംഗയോ എതിർക്കാൻ കഴിയാത്തയാളോ ആണെങ്കിൽ 10–25 വർഷം വരെ തടവോ വധശിക്ഷ വരെയോ ലഭിക്കാം. ലിംഗഭേദമില്ലാത്ത ലൈംഗിക കുറ്റകൃത്യത്തിനു തടവോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷയുണ്ട്. ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആണ് പീഡനമെങ്കിൽ 5–20 വർഷം വരെ തടവ് ലഭിക്കും. ജോലിസ്ഥലത്തോ വിദ്യാലയത്തിലോ പാർപ്പിടത്തിലോ ആശുപത്രികളിലോ ആണെങ്കിൽ കഠിന ശിക്ഷയുണ്ടാകും.

ഓൺലൈൻ സുരക്ഷ
സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവയെ ചെറുക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയമം കടുപ്പിച്ചിട്ടുണ്ട്. ഡേറ്റ സംരക്ഷണം എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും നിർവചിക്കുന്നതിനു പുറമെ, ഒപ്റ്റിമൽ ഡേറ്റ മാനേജ്മെന്റിനും സംരക്ഷണം നൽകുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !