തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് അവസാനമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. എന്ററെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം എന്നാണ്. അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ഏഴാമത്തെ വയസിലാണ് മാജിക് പഠിക്കുന്നത്. പത്താമത്തെ വയസിൽ ആദ്യ ഷോ നടത്തി. 45 വർഷത്തോളം പ്രൊഫഷണൽ മാജിക് ഷോ നടത്തി. അതിന് വേണ്ടി നിരന്തരം ഗവേഷണം നടത്തി. വിദേശത്ത് പോയപ്പോഴും മറ്റും പ്രൊഫഷണൽ മാജിക് ഷോയ്ക്ക് വേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ലൈറ്റും സൗണ്ടുമെല്ലാം നാല് വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്. ഇങ്ങിനെയൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണം,'- മുതുകാട് പറഞ്ഞു.
മുതുകാട് സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിൽ വെച്ച് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെകെ ശൈലജയുടെ കൂടി സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഗോപിനാഥ് മുതുകാട് ഏറ്റെടുത്തത്. പിന്നീടിത് വലിയ തോതിൽ ജനങ്ങളുടെ പ്രശംസ നേടുകയും വൻ വിജയമാവുകയും ചെയ്തു. കൊവിഡ് വ്യാപനം കൂടി വന്നതോടെ മാജിക് ഷോകൾക്ക് താത്കാലിക ഇടവേളയുണ്ടായി. നാല് വർഷമായി ഈ രംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മജീഷ്യന്മാരിൽ തന്നെ ഏറ്റവും പ്രാഗത്ഭ്യം നേടിയ ഗോപിനാഥ് മുതുകാട് അന്തർദേശീയ തലത്തിൽ കീർത്തിനേടിയ മജീഷ്യനുമാണ്. ലോകത്തെമ്പാടും നിരവധി വേദികളിൽ അദ്ദേഹം മായാജാലത്തിന്റെ വിരുന്നൊരുക്കി കാണികളെ വിസ്മയിപ്പിച്ചു. ആർക്കും മാജിക് പഠിക്കാനാവുമെന്ന നിലയിൽ മാജികിന്റെ പ്രചാരകനുമായി. കേരളത്തിലെ ഏറ്റവും ജനകീയനായ ഇന്ദ്രജാലക്കാരൻ കൂടിയാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !