മൈസൂരു: നഗരത്തിലെ മഹാരാജ കോളേജില്‍ നടന്ന മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജ് നായകനായ 'ജന ഗണ മന' എന്ന സിനിമയുടെ ചിത്രീകരണമാണ് എതിര്‍പ്പിനിടയാക്കിയത്.
മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. കോടതിരംഗമാണ് കോളേജ് കാമ്ബസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. വരുമാനം ലഭിക്കാനായി കോളേജില്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്.
എന്നാല്‍, അധ്യയനദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അവര്‍ പറയുന്നു. അധ്യയനദിവസം സിനിമാചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ സര്‍വകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
അതേസമയം, പ്രശ്‌നം കോളേജിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് ഉന്നയിച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. ക്ലാസുകള്‍ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ശിവപ്പ പറഞ്ഞു. ഇതുസംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. ഭാഷാ വിവേചനമില്ലാതെ കോളേജ് സിനിമാ ചിത്രീകരണത്തിന് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൈതൃക കെട്ടിടമായ മഹാരാജ കോളേജ് കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളുടെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാണ്. കോളേജ്, കോടതി, സര്‍ക്കാര്‍ ഓഫീസ് എന്നിവയാണ് മഹാരാജ കോളേജില്‍ പ്രധാനമായി ചിത്രീകരിക്കാറുള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !