എറണാകുളം | ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അച്ഛനെയും എട്ടുവയസുകാരിയായ മകളെയും വിചാരണ ചെയ്ത സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് കോടതി വിമര്‍ശനം. വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനും കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. പൊലീസ് വിചാരണ ചെയ്ത കുട്ടിക്ക് എന്ത് നീതിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തെ കോടതി എതിര്‍ത്തു.
കുട്ടി പുറഞ്ഞ കാര്യങ്ങള്‍ നുണയല്ലെന്നും ഫോണിന്റെ കാര്യം എന്തിന് കുട്ടിയോട് ചോദിച്ചു എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേസില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും കോടതി എതിര്‍ത്തു. കേസില്‍ സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിമര്‍ശനമുയര്‍ന്നു.
കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !