തുടര്‍ച്ചയായ 10-ാം മത്സരത്തിലും തോല്‍വിയറിയാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

0
തുടര്‍ച്ചയായ 10-ാം മത്സരത്തിലും തോല്‍വിയറിയാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters unbeaten in 10th match in a row
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മിന്നല്‍ക്കുതിപ്പ് തുടരുന്നു. ഒഡീഷ എഫ്‌സിയെ രണ്ട് ഗോളിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യപകുതിയില്‍ നിഷുകുമാറും ഹര്‍മന്‍ജോത് കബ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആദ്യ കളിയിലും ഒഡീഷയെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. ഇതോടെ 11 കളിയില്‍ 20 പോയിന്റായി ബ്ലാസ്‌റ്റേഴ്‌സിന്. അഞ്ച് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും. തോല്‍വി അറിയാതെ തുടര്‍ച്ചയായ പത്താം മത്സരവും ബ്ലാസ്റ്റേഴ്‌സ് സീസണില്‍ പൂര്‍ത്തിയാക്കി. ജനുവരി 16ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത അങ്കം

പ്രതിരോധത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റോയ്ക്ക് പകരം നിഷു കുമാറും മാര്‍കോ ലെസ്‌കോവിച്ചിന് പകരം എനെസ് സിപോവിച്ചും പ്രതിരോധത്തിലെത്തി. ഹോര്‍മിപാമും ഹര്‍മന്‍ജോത് കബ്രയുമായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദുള്‍ സമദും ജീക്‌സണ്‍ സിങും പുയ്ട്ടിയയും. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസ്-അല്‍വാരോ വാസ്‌കസ് സഖ്യം. വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ ഗില്‍. ഒഡീഷയുടെ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ്. പ്രതിരോധത്തില്‍ വിക്ടര്‍ മോന്‍ഗില്‍, ഹെക്ടര്‍ റാമിറെസ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍. മധ്യനിരയില്‍ ജെറി, ഹെന്‍ഡ്രി ആന്റണി, സഹില്‍ പന്‍വാര്‍, ലാല്‍റുവാത്താറ എന്നിവരുമെത്തി. ഗോള്‍മുഖത്ത് ഐസക്കും ലിറിഡണ്‍ ക്രാസ്‌നിഖിയും.

തുടര്‍ച്ചയായ 10-ാം മത്സരത്തിലും തോല്‍വിയറിയാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters unbeaten in 10th match in a row
കളിയുടെ മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ ഗോള്‍മുഖത്ത് കുതിച്ചെത്തി. ജോര്‍ജ് ഡയസിന്റെ ശ്രമം ഒഡീഷ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ബ്ലാസ്‌റ്റേഴ്‌സിന് കോര്‍ണര്‍. പക്ഷേ, ഒഡീഷ പ്രതിരോധം ചെറുത്തു. ആറാം മിനിറ്റില്‍ വാസ്‌കസും ലൂണയും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് സഹലിന് കിട്ടി. പക്ഷേ, ഒഡീഷ ഗോളി തടഞ്ഞു. പിന്നാലെ കബ്ര ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് വാസ്‌കസിന് എത്തിപ്പിടിക്കാനായില്ല. 13ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക്. അഡ്രിയാന്‍ ലൂണയെടുത്ത കിക്ക് ഗോള്‍ കീപ്പര്‍ പിടിയിലൊതുക്കി. പിന്നാലെ ഹെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് സിപോവിച്ച് മഞ്ഞക്കാര്‍ഡ് കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം നിരന്തരം ഒഡീഷയുടെ പ്രതിരോധത്തിന് സമ്മര്‍ദ്ദമുണ്ടാക്കി. 26ാം മിനിറ്റില്‍ പ്രഭ്‌സുഖന്റെ തകര്‍പ്പന്‍ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. ഹെര്‍ണാണ്ടസിന്റെ ഉശിരന്‍ ഷോട്ട് പ്രഭ്‌സുഖന്‍ കുത്തിയകറ്റി. നിമിഷങ്ങള്‍ക്കുള്ളില്‍ ഗോളെത്തി. നിഷു കുമാറിന്റെ മനോഹര ഗോള്‍. അഡ്രിയാന്‍ ലൂണ ബോക്‌സിലേക്ക് തൊടുത്ത ക്രോസ് നിഷുകുമാര്‍ ഏറ്റുവാങ്ങി. പന്ത് നിയന്ത്രിച്ച് ബോക്‌സിന് പുറത്തേക്ക്. പിന്നെ അളന്നുമുറിച്ചൊരു ഷോട്ട്. പന്ത് ഒഡീഷ വലയ്ക്കുള്ളിലേക്ക് വളഞ്ഞിറങ്ങി. ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും കിട്ടിയില്ല. അതുവരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കുമുള്ള ഉത്തരമായി ആ ഗോള്‍.

മുപ്പത്തിമൂന്നാം മിനിറ്റില്‍ ഡയസിനെ ഒഡീഷ പ്രതിരോധം ബോക്‌സില്‍ വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. മറുവശത്ത് ഒഡീഷ മുന്നേറ്റത്തിനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അനങ്ങാന്‍ അനുവദിച്ചില്ല. നാല്‍പ്പതാം മിനിറ്റില്‍ വാസ്‌കസിന്റെ ക്രോസ് പിടിച്ചെടുത്ത് ഡയസ് അടിതൊടുത്തു. ഒഡീഷ പ്രതിരോധം തടഞ്ഞ. കോര്‍ണര്‍. അതില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ഇക്കുറി കബ്രയുടെ ഹെഡര്‍ വല തകര്‍ത്തു. ലൂണയുടെ കോര്‍ണര്‍ കിക്ക് കൃത്യമായി കബ്രയിലേക്ക്. ഈ പ്രതിരോധക്കാരന്‍ തലകൊണ്ട് കുത്തി. ഗോള്‍ കീപ്പറുടെ കൈകള്‍ക്ക് മുകളിലൂടെ പന്ത് വലയ്ക്കുള്ളില്‍ പതിച്ചു. തകര്‍പ്പന്‍കളിയും രണ്ട് ഗോള്‍ ലീഡുമായി ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. ആദ്യപകുതിയില്‍ 60 ശതമാനമായിരുന്നു പന്തിന്‍മേലുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണം. ലക്ഷ്യത്തിലേക്ക് തൊടുത്തത് നാല് ഷോട്ടുകള്‍. ആകെ 349 പാസുകളും പൂര്‍ത്തിയാക്കി.

രണ്ടാംപകുതിയും ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യത്തോടെയാണ് തുടങ്ങിയത്. ലൂണയും വാസ്‌കസും ഡയസും ഒഡീഷ പ്രതിരോധത്തെ വിറപ്പിച്ചു. ഒരു തവണ നേരിയ വ്യത്യാസത്തിലാണ് ഡയസിന് ഗോള്‍മുഖത്ത് വച്ച് പന്ത് നഷ്ടമായത്. 55ാം മിനിറ്റില്‍ വലതുവശത്ത് വാസ്‌കസ് ബോക്‌സിലേക്ക് തൊടുത്ത പാസ് കബ്ര പിടിച്ചെടുത്തു. പിന്നെ ഗോള്‍മുഖത്തേക്ക് ക്രോസ്. എന്നാല്‍ ഒഡീഷ പ്രതിരോധം തടഞ്ഞു. പിന്നാലെ പ്രതിരോധത്തില്‍നിന്ന് ഉയര്‍ന്നെത്തിയ പന്ത് വാസ്‌കസ് അതേവേഗത്തില്‍ ഒഡീഷ വല ലക്ഷ്യമാക്കി തൊടുത്തു. ഇക്കുറി ഗോള്‍ കീപ്പര്‍ ഒഡീഷയുടെ രക്ഷകനായി. കളിയുടെ അവസാനഘട്ടത്തില്‍ ഒഡീഷ കൂടുതല്‍ ആക്രണാത്മകമായി കളിക്കാന്‍ തുടങ്ങി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലും വിട്ടുകൊടുത്തില്ല. ജൊനാതസ് ക്രിസ്റ്റ്യന്‍ ബോക്‌സിലേക്ക് തോണ്ടിയിട്ട പന്ത് പ്രഭ്‌സുഖന്‍ സാഹസികമായി തടഞ്ഞു. 70ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമാറ്റം വരുത്തി. സഹലിന് പകരം കെ പ്രശാന്ത് കളത്തിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നു. ഒഡീഷന്‍ മുന്നേറ്റത്തിന് പഴുതും നല്‍കിയില്ല. പുയ്ട്ടിയക്ക് പകരം ആയുഷ് അധികാരിയുമെത്തി. കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിച്ചു. വാസ്‌കസിന്റെ നിലംപറ്റിയ അടി ബോക്‌സിന് പുറത്തുപോയി. പരിക്കുസമയത്ത് വാസ്‌കസിന്റെ ഗോള്‍ ലക്ഷ്യമാക്കിയുള്ള കുതിപ്പ് ഗോള്‍കീപ്പര്‍ തടഞ്ഞു. അവസാന മിനിറ്റുകളില്‍ ഡയസിന് പകരം ഗിവ്‌സണ്‍ സിങ്ങും ലൂണയ്ക്ക് പകരം ചെഞ്ചോയും കളിക്കാനിറങ്ങി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !