എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നടി. അവർ അഭിനയിച്ച എല്ലാ പ്രതീകാത്മക കഥാപാത്രങ്ങൾക്കും ജീവന്‍റെ തുടിപ്പ് നൽകി അവിസ്മരണീയമാക്കിയിരുന്നു. പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെ തൻമയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വം
ബഹുമുഖപ്രതിഭയായ അഭിനേത്രിയെ മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നു. എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നടി.അവർ അഭിനയിച്ച എല്ലാ പ്രതീകാത്മക കഥാപാത്രങ്ങൾക്കും ജീവന്‍റെ തുടിപ്പ് നൽകി അവിസ്മരണീയമാക്കിയിരുന്നു. പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെ തൻമയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വം.രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ലളിത ജീവൻ നൽകിയിട്ടുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്.
നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ ലളിത പക്വതയോടെ ഓരോ കഥാപാത്രത്തെയും സ്ക്രീനിൽ എത്തിക്കുന്നതിലും പ്രേക്ഷകനിലേക്ക് പകർന്ന് നൽകുന്നതിലും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ലളിത ചെയ്തതിൽ ഏത് കഥാപാത്രമാണ് മികച്ചത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടായിരിക്കും. അത്രയേറെ മെയ് വഴക്കത്തോടെയും ഭാവപ്രകടനങ്ങളിലൂടെയുമാണ് അവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ടാവുക.
ആലപ്പുഴ ജില്ലയിലെ കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളാണ്. 1947 മാർച്ച് പത്തിന് പത്തനംതിട്ട ജില്ലയിലെ ആറൻമുളയ്ക്ക് സമീപം ഇടയാറൻമുളയിലാണ് ജനനം.ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ മാതാപിതാക്കൾ ഭജനമിരുന്നു പിറന്ന കുഞ്ഞായതിനാൽ മഹേശ്വരി എന്നാണ് പേരിട്ടത്.നാടകാചാര്യൻ തോപ്പിൽഭാസി മഹേശ്വരിയമ്മയ്ക്ക് ലളിത എന്നു പേരിട്ടു.പിന്നീട് കെപിഎസി എന്ന പ്രശസ്തമായ പേര് അതിനൊപ്പം ചേർന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന ഭരതനാണ് ഭർത്താവ്. ശ്രീക്കുട്ടി, ചലച്ചിത്രസംവിധായകനും അഭിനേതാവുമായ സിദ്ധാർത്ഥ് ഭരതൻ എന്നിവർ മക്കളാണ്. 1998-ൽ ഭരതൻ മരിച്ചതിനു ശേഷം ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ലളിത തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഭരതന്‍റെ ജന്മനാടായ എങ്കക്കാട് വീട് നിർമിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തകയായിരുന്ന ലളിത പിന്നീട് വടക്കാഞ്ചേരിയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. തുടർന്ന് വടക്കാഞ്ചേരിയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുകയും ചെയ്തു.
കെപിഎസി ലളിതയുടെ അച്ഛന്‍ ഫൊട്ടോഗ്രാഫറായിരുന്നു.ചങ്ങനാശേരി പെരുന്നയില്‍ രവി സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാലത്ത് ആ കെട്ടിടത്തിന്‍റെ മുകള്‍നിലയിലാണ് നാടകസമിതിയായ ചങ്ങനാശേരി ഗീഥാ പ്രവര്‍ത്തിച്ചിരുന്നത്.
അച്ഛന് ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോൾ ലളിത അവിടെപ്പോയി റിഹേഴ്സൽ കാണുമായിരുന്നു. ഒരു ദിവസം ഗീഥാ ഉടമ ചാച്ചപ്പന്‍ ലളിതയുടെ അച്ഛനോട് ലളിതയെ നാടകത്തിനു വിടാമോ എന്നു ചോദിച്ചു. എന്നാല്‍ അച്ഛന്‍ സമ്മതിച്ചില്ല. അവര്‍ ഒരുപാടു നിര്‍ബന്ധിച്ചു. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചതിനാൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിക്കാൻ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്‍റെ പേര്.
പിന്നീട് ലളിത ഗീഥായുടെ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് ഗീഥായുടെ പ്രവര്‍ത്തനം നിലച്ചു. അതിനിടെയായിരുന്നു അച്ഛന്‍റെ മരണം.എങ്ങനെയും കെപിഎസിയില്‍ ഒരു നടിയാകുകയെന്നതായിരുന്നു ലളിതയുടെ സ്വപ്നം.ഒടുവില്‍ കായംകുളത്തെ ഓഫിസിലേക്ക് ഇന്‍റര്‍വ്യൂവിനു വിളിച്ചു.
ഇന്‍റര്‍വ്യു കഴിഞ്ഞപ്പോള്‍ അന്ന് നാടകരംഗത്തെ താരമായ കെപിഎസി സുലോചനചേച്ചി പറഞ്ഞു. തീരെ വണ്ണമില്ല, പോയി വണ്ണം വച്ചിട്ടു വാ...
ലളിത വീട്ടിലെത്തി തടി നന്നാക്കാനുള്ള ശ്രമം തുടങ്ങി. ഈ സമയത്ത് വീട്ടിലെ സാമ്പത്തികാവസ്ഥ വളരെ കഷ്ടത്തിലാണ്. അങ്ങനെയാണ് കോഴിക്കോട് ബഹദൂറിന്‍റെ സമിതിയില്‍ ചേര്‍ന്നത്. അഡ്വാന്‍സും നല്‍കി.
തിരിച്ചു വീട്ടില്‍വന്നപ്പോഴാണ് വേഗമെത്താന്‍ ആവശ്യപ്പെട്ടു കെപിഎസിയില്‍നിന്നു ടെലിഗ്രാം കിട്ടിയത്. തുടര്‍ന്ന് ബഹദൂര്‍ നല്‍കിയ പണം തിരിച്ചയച്ചിട്ട് കെപിഎസിയില്‍ചേര്‍ന്നു. അങ്ങനെയാണ് കെപിഎസി ലളിത എന്ന വിസ്മയ നടി പിറക്കുന്നത്.അന്ന് കെപിഎസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അവതരിപ്പിച്ചിരുന്നത്. പക്ഷേ രണ്ടിലും ലളിതയ്ക്ക് വേഷമില്ല. അങ്ങനെ നാടകത്തിനു വേണ്ടി പാട്ടുപാടി.
അടുത്ത വര്ഷം കൂട്ടുകുടുംബം എന്ന നാടകത്തില്‍ പ്രധാന വേഷം തോപ്പില്‍ ഭാസി നല്‍കി. ബി.മഹേശ്വരിയമ്മ എന്ന പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തു
വൈകാരിക രംഗങ്ങളെ തൊട്ടു തലോടിയ ശബ്ദ സാന്നിധ്യം:
വോയ്‌സ് മോഡുലേഷന്‍ ഒരഭിനേതാവിന്‍റെ പ്രകടനത്തിലെത്രത്തോളം നിര്‍ണായകമാണെന്നത് മലയാള സിനിമയില്‍ പ്രകടമായി അനുഭവിപ്പിച്ചവര്‍ ചുരുക്കമായിരിക്കും. എന്തുകൊണ്ടോ ആ ലിസ്റ്റില്‍ പലപ്പോഴും ആരും പരിഗണിക്കാതെ പോകുന്ന ഒരു പേരാണ് കെ.പി.എ.സി. ലളിതയുടേത്.
ശബ്ദത്തിന്മേല്‍ അവര്‍ പുലര്‍ത്തുന്ന നിയന്ത്രണം അന്യാദൃശവും, അസൂയാവഹവുമാണ്.മതിലുകളില്‍ രൂപത്തിന്‍റെ സാന്നിധ്യമില്ലാതെ നാരായണിയായി അവര്‍ ശബ്ദത്തിലൂടെയാണ് അടയാളപ്പെടുന്നത്. ഏറ്റവും പ്രണയാതുരമായ ശബ്ദങ്ങളിലൊന്നായേ അതിനെ വിലയിരുത്താനും കഴിയൂ. വൈകാരിക രംഗങ്ങളില്‍ കെ.പി.എ.സി ലളിതയുടെ ശബ്ദം വിസ്‌ഫോടനാത്മകമാകുന്നത് നമ്മള്‍ പലതവണ അനുഭവിച്ചറിഞ്ഞതാണ്.
തേന്മാവിന്‍ കൊമ്പത്തില്‍ പ്രിയദര്‍ശന്‍ കെ.പി.എ.സി ലളിതയുടെ ഈ സിദ്ധി അതിസുന്ദരമായി ഉപയോഗിച്ചിട്ടുണ്ട്. കെ.പി.എ.സി ലളിതയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഓര്‍ക്കുക. ‘മുതലാളി എനിക്കിപ്പോള്‍ ചരക്കുകളൊന്നും തരുന്നില്ല’ എന്ന് കുണുങ്ങിപ്പറഞ്ഞു കൊണ്ടാണ് സംഭാഷണമാരംഭിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ നെടുമുടി വേണുവിന്‍റെ അവസ്ഥ വിവരിക്കുന്നിടത്ത് കെ.പി.എ.സി ലളിതയുടെ ശബ്ദമൊരിക്കല്‍ കൂടി വൈകാരികതയുടെ പല തലങ്ങളും സ്പര്‍ശിക്കുന്നു.
സ്ഫടികത്തില്‍ ചാക്കോ മാഷിനോട് അവര്‍ പൊട്ടിത്തെറിക്കുന്ന രംഗമൊന്നോര്‍ത്തു നോക്കുക. കല്ലിന്മേല്‍ കല്ലു തട്ടുമ്പോഴുള്ള തീപ്പൊരി, തിലകനുമായുള്ള ആ രംഗത്ത് ദൃശ്യമാണ്.
‘ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കിയില്ലേ?’
എന്ന ഡയലോഗ് തുടങ്ങി അവസാനിക്കുന്നയിടത്തെ മോഡുലേഷന്‍ ഷിഫ്റ്റിനെ ഗംഭീരമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ പറ്റില്ല. രോഷത്താല്‍ തുടങ്ങുന്ന വാചകം അവസാനിക്കുന്നത് സങ്കടത്തിലാണ് .
പ്രണയവും, വേദനയും, വിരഹവും, പ്രതീക്ഷയുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ അമ്പരപ്പിക്കും വിധം ആ ശബ്ദത്തിലൂടെ ഊര്‍ന്നു വീഴുന്നത് കാണാം.കെ.പി.എ.സി ലളിതയുടെ ശബ്ദ നിയന്ത്രണം മറ്റുള്ളവരെ നിഷ്പ്രഭമാക്കുന്ന മറ്റൊരു രംഗം അനിയത്തിപ്രാവിന്‍റെ ക്ലൈമാക്‌സാണ്.
എങ്ങനെയാണിതവസാനിക്കുന്നതെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍, ശ്രീവിദ്യയുടെ ചോദ്യത്തിന് മറുപടിയായി ‘നിങ്ങളെടുത്തോ’ എന്നു പറഞ്ഞ് കെ.പി.എ.സി ലളിതയുടെ പത്തു മുപ്പത് സെക്കന്റ് നീളുന്ന സംഭാഷണമുണ്ട്. മറ്റാര് ചെയ്താലും ഒരു പക്ഷേ പാളിപ്പോയേക്കാവുന്ന ആ ഡയലോഗിനെ കൃത്യമായി ഇടര്‍ച്ചകളാല്‍ അനശ്വരമാക്കുന്ന കെ.പി.എ.സി ലളിത ടെക്‌നിക് ഒരു ടെക്സ്റ്റ് ബുക്ക് എക്‌സിബിഷനാണ്.
അതേ ടെക്‌നിക് തന്നെയാണ് കന്മദത്തിലും, പിന്നീട് ഭ്രമരത്തിലും മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ അവര്‍ കാഴ്ച്ചവെക്കുന്നത്. ഒരു സിനിമാറ്റിക് ആഡംബരത്തിന്റെയും അകമ്പടിയില്ലാതെ, വെറും ആര്‍ട്ടിസ്റ്റിക് പെര്‍ഫോമന്‍സാലാണ് കന്മദത്തില്‍ അവര്‍ നമ്മുടെ കണ്ണു നനയിക്കുന്നതെങ്കില്‍ ഭ്രമരത്തില്‍ കൃത്യമായ ഒരു ഡയലോഗ് പോലും അവര്‍ക്കതിന് വേണ്ടി വരുന്നില്ല. ‘മോനേ, എന്റെ മോനേ’ എന്ന് അവര്‍ അലറിക്കരയുന്നിടത്ത് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ നഷ്ടം മുഴുവന്‍ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്.
കഥപറച്ചിലില്‍ കൊണ്ടുവരുന്ന ആഴവും പരപ്പുമാണ് കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലെ മറ്റൊരു പ്രത്യേകത. മണിച്ചിത്രത്താഴില്‍ ശോഭനയോട്, നാഗവല്ലിയുടെയും രാമനാഥന്റെയും കഥ അവര്‍ പറഞ്ഞു കൊടുക്കുന്ന രംഗമൊന്നോര്‍ത്തു നോക്കൂ. ഒരേ സമയം അതൊരു നാട്ടിന്‍ പുറത്തുകാരിയുടെ നേരം കൊല്ലിക്കഥയായും, പേടിപ്പിക്കുന്ന ഒരു മിത്തിന്‍റെ ആഖ്യാനമായും മാറുന്നു. കെ.പി.എ.സി ലളിതയുടേതല്ലാതെ മറ്റാരുടെ ശബ്ദത്തിനാണ് ആ കഥ പറയാനുള്ള അര്‍ഹതയുള്ളത്?
അഭിനയ മികവിന്‍റെ നേർക്കാഴ്ചകൾ:
കൂട്ടുകുടുംബം, വാഴ്വേ മായം,സ്വയംവരം,രാജഹംസം ,കൊടിയേറ്റം,ആരവം,പൊന്മുട്ടയിടുന്ന താറാവ്, കുടുംബപുരാണം, തലയണമന്ത്രം,ശുഭയാത്ര,കനൽക്കാറ്റ്,കാട്ടുകുതിര,കോട്ടയം കുഞ്ഞച്ചൻ, കേളി,അമരം,സദയം,മാളൂട്ടി,ആയുഷ്കാലം,തേന്മാവിൻ കൊമ്പത്ത്,പവിത്രം,മണിചിത്രത്താഴ്,ആദ്യത്തെ കൺമണി,ചുരം,ശാന്തം, തിളക്കം,മനസ്സിനക്കരെ,മായാവി,ചന്ദ്രേട്ടൻ എവിടെയാ,ചാർളി,ഞാൻ പ്രകാശൻ,ഒടിയൻ തുടങ്ങിയവ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളാണ്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - ശാന്തം, അമരം തുടങ്ങിയ ചിത്രങ്ങൾക്കും രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം അമരം, ആരവം, - നീല പൊന്മാൻ തുടങ്ങിയ ചിത്രങ്ങൾക്കും ലഭിച്ചു.
2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്.റിലീസിനൊരുങ്ങുന്ന ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്
കെ.പി.എ.സി.ലളിതയെന്ന അഭിനേത്രിയ്ക്ക് സമാനമായി മലയാള സിനിമയിൽ മറ്റൊരു നടിയുമുണ്ടാകില്ല. ആ സ്ഥാനം ആലങ്കാരികമാക്കുന്നതിൽ വലിയൊരു പങ്ക് അവരുടെ ശബ്ദത്തിനു തന്നെയാണെന്നത് എടുത്തു പറയേണ്ടത് തന്നെ.
അടുത്തകാലത്ത് ചികിത്സ ചെലവിനായി ബുദ്ധിമുട്ടിയിരുന്ന കെപിഎസി ലളിതയെ സഹായിക്കാന്‍ സിനിമാലോകവും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ ചോദ്യം ചെയ്തവര്‍ക്ക് കൃത്യമായ മറുപടിയായിരുന്നു അധികൃതര്‍ നല്‍കിയത്. വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായിരുന്നുവെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തില്‍ താന്‍ പിന്നാക്കമാണെന്ന് മുന്‍പ് കെപിഎസി ലളിത തുറന്നുപറഞ്ഞിരുന്നു. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിച്ച ലളിത എന്ന മഹാനടിയുടെ വേർപാട് തേങ്ങലോടെ മാത്രമേ മലയാളികൾക്ക് ഉൾക്കൊള്ളാനാകൂ…
ലളിതാമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ………
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|











വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !