10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുന്നതിരേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷയുടെ നിയമങ്ങളും തീയതികളും ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ജി നല്‍കിയതിനെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാര്‍ക്ക് രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. ഭാവിയില്‍ ഇത്തരം ഹര്‍ജികള്‍ വന്നാല്‍ ഹരജിക്കാരന് ചെലവ് ചുമത്തുമെന്നും കോടതി താക്കീതു നല്‍കി.
'എന്തിനാണ് ഇത്തരത്തിലുള്ള ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് ? ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ,' കോടതി പറഞ്ഞു, ഹര്‍ജി തള്ളി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയായാണ് സുപ്രീംകോടതിയില്‍ പരാതി എത്തിയത്. 15-ലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് (സിജെഐ) എന്‍ വി രമണയുടെ മുമ്പാകെ പരാമര്‍ശിച്ചപ്പോള്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിലേയ്ക്കു വിടുകയായിരുന്നു. തുടര്‍ന്ന്, ഫെബ്രുവരി 25 ന് പരാതി ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീം കോടതിയുടെ വെബ്സൈറ്റ് കാണിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചതിനാല്‍ അടിയന്തരമായിവിഷയം പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഫിസിക്കല്‍ മോഡ് വഴി പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വിവിധ സര്‍വകലാശാലകളിലേക്കുള്ള പ്രവേശന തീയതി പ്രഖ്യാപിക്കാനും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിനുള്ള ഫോര്‍മുല തയ്യാറാക്കാനും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവിധ സംസ്ഥാന ബോര്‍ഡുകള്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ), ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഐസിഎസ്ഇ) എന്നിവര്‍ നിര്‍ദേശിച്ചിട്ടുള്ള ബോര്‍ഡ് പരീക്ഷകള്‍ ഓഫ് ലൈനായി നടത്തുന്നതിന് പകരം 10, 12 ക്ലാസുകളില്‍ ബദല്‍ മൂല്യനിര്‍ണയ രീതി ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ അവസാന വാരം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിഎസ്ഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (എന്‍ഐഒഎസ്) പരീക്ഷകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന ബോര്‍ഡുകളില്‍ ചില ടൈംടേബിള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതായും ചിലര്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. 'സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് ബോര്‍ഡുകളുടെയും ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ വിദ്യാര്‍ത്ഥികള്‍ അതൃപ്തരാണെന്നും ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള സമ്മര്‍ദ്ദവും ആശങ്കയും ഉണ്ട്,' ഹര്‍ജിയില്‍ പറയുന്നു.
COVID-19 സാഹചര്യം മൂലം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ട തടസ്സങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങളും പരാതിയില്‍ എടുത്തുപറയുന്നുണ്ട്. ''അഭൂതപൂര്‍വമായ മരണനിരക്ക് കാണുമ്പോള്‍, കോവിഡ് -19 തരംഗവും രോഗികളുടെ എണ്ണവും മരണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, കുട്ടികളെ പരീക്ഷ എഴുതിക്കാനും പരീക്ഷ നടത്താനും നിര്‍ബ്ബന്ധിക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കോവിഡിന്റെ അടുത്ത തരംഗം കൂടുതലും കുട്ടികളെയും യുവാക്കളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുമ്പോള്‍, അത് അവരുടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കും,' ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിദ്യാഭ്യാസം പ്രധാനമാണെങ്കിലും പരീക്ഷയ്ക്ക് നേരിട്ടു ഹാജരാകേണ്ടി വരുന്ന കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരുടെ ജീവിതത്തേക്കാളും മാനസികാരോഗ്യത്തേക്കാളും അത് പ്രധാനമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !