മുംബൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിലെ പുതുമുഖങ്ങൾ ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്ത് ടൈറ്റൻസിനൊപ്പം. ആദ്യം ബാറ്റേന്തിയ ലക്നോ സൂപ്പർ ജയന്റ്സ് ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും രണ്ടു പന്ത് ശേഷിക്കേ ടൈറ്റൻസ് അഞ്ചു വിക്കറ്റ് ജയം സ്വന്തമാക്കി.
സ്കോർ- ലക്നോ: 20 ഓവറിൽ 158/6
ഗുജറാത്ത്: 19.4 ഓവറിൽ 161/5
തുടക്കത്തിലെ തകർച്ചയ്ക്കുശേഷമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരേ ലക്നോ ശക്തമായി തിരിച്ചെത്തിയത്. നാലു വിക്കറ്റിന് 29 എന്ന നിലയിൽ തകർന്ന ലക്നോയ്ക്കു ദീപക് ഹൂഡ (41 പന്തിൽ 55), ആയുഷ് ബദോനി (41 പന്തിൽ 54) എന്നിവരുടെ അർധ സെഞ്ചുറികളാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. തുടക്കത്തിലേ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ലക്നോയെ തകർത്തത്.
ടൈറ്റൻസിനെ വിജയതീരത്തെത്തി ച്ചത് രാഹുൽ തിവാട്യ (40*) യുടെ മികച്ച ബാറ്റിംഗാണ്. ഹർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), മാത്യു വേഡ് (30) എന്നിവരും ടൈറ്റൻസ് നിരയിൽ തിളങ്ങി.
ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ. രാഹുലിനൊപ്പം ക്വിന്റണ്‍ ഡി കോക്കാണ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ലക്നോയ്ക്കു തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ഷമി എറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ. രാഹുൽ (0) വിക്കറ്റ് കീപ്പർ മാത്യു വേഡിനു ക്യാച്ച് നൽകി. ലക്നോ സ്കോർ 13ലെത്തിയപ്പോൾ അടുത്ത വിക്കറ്റും ഷമി വീഴ്ത്തി. ഡി കോക്കിന്റെ (ഏഴ്) കുറ്റി തെറിപ്പിച്ച് ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി.
സ്കോർ ബോർഡിൽ ഏഴു റണ്സുകൂടിയെത്തിയപ്പോൾ ലക്നോയ്ക്ക് അടുത്ത വിക്കറ്റും നഷ്ടമായി. ഇത്തവണ വരുണ്‍ ആരോണിനായിരുന്നു വിക്കറ്റ്. വെടിക്കെട്ട് ബാറ്റിംഗിനു കഴിവുള്ള എവിൻ ലൂയിസിനെ (10) തകർപ്പനൊരു ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ പുറത്താക്കി. മൂന്നിന് 20 എന്ന നിലയിൽനിന്ന ലക്നോ നാലിന് 29 എന്ന നിലയിലേക്കായി. മനീഷ് പാണ്ഡെയുടെ (ആറ്) വിക്കറ്റ് തെറിപ്പിച്ച ഷമി ഗുജറാത്തിന് നാലാമത്തെ വിക്കറ്റ് സമ്മാനിച്ചു.
വൻ തകർച്ചയെ നേരിടുകയായിരുന്ന ലക്നോയുടെ രക്ഷകരായി ഹൂഡയും ബദേനിയും ഒരുമിച്ചു. ഇരുവരും ഗുജറാത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുള്ള ബാറ്റിംഗ് കാഴ്ചവച്ചു. ഹൂഡ-ബദോനി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 87 റണ്‍സാണ് പിറന്നത്. ഇതിൽ ഹൂഡയാണ് കൂടുതൽ ആക്രമണം നടത്തിയത്. 38 പന്തിൽ 51 റണ്‍സാണ് താരം ഈ സഖ്യത്തിൽ നേടിയത്. കനത്ത ആക്രമണം അഴിച്ചുവിട്ട ഹൂഡയെ റാഷിദ് ഖാൻ വിക്കറ്റിനു മുന്നിൽ കുരുക്കി. മികച്ച സ്കോറിലേക്കു ടീമിനെ നയിക്കുന്നതിനിടെയാണ് ഈ വിക്കറ്റ് വീഴ്ച. രണ്ടു സിക്സും ആറു ഫോറുമാണ് ഹൂഡ നേടിയത്.
ബദോനിക്കു കൂട്ടായി കൃണാൽ പാണ്ഡ്യ എത്തി. ഇരുവരും 40 റണ്‍സാണ് നേടിയത്. അവസാന ഓവറിന്റെ നാലാം പന്തിൽ ബദോനിയുടെ വിക്കറ്റ് വരുണ്‍ ആരോണ്‍ വീഴ്ത്തി. നാലു ഫോറും മൂന്നു സിക്സുമാണ് ബദോനിയുടെ ബാറ്റിൽനിന്നു പിറന്നത്. 13 പന്തിൽ മൂന്നു ഫോർ സഹിതം 21 റണ്‍സ് നേടിയ കൃണാൽ പാണ്ഡ്യ പുറത്താകാതെ നിന്നു. ഷമി മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !