മുംബൈ| ഒന്നു പതറിയെങ്കിലും, പാളാതെ വിജയം കൈപ്പിടിയിലൊതുക്കി ബാംഗ്ലൂർ. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ മൂന്നു വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ വിജയം. കൊൽക്കത്ത ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ബാംഗ്ലൂർ എത്തിപ്പിടിച്ചത്. 19.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 132 റൺസെടുത്തത്.
അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടപ്പോൾ, ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറുമായി ദിനേഷ് കാർത്തിക്ക് (7 പന്തിൽ 14) ആർസിബി ജയം അനായാസമാക്കി. 19–ാം ഓവറിൽ ഹർഷൽ പട്ടേൽ (6 പന്തിൽ 10) രണ്ടു ഫോർ അടിച്ചു. 40 പന്തിൽ 28 റൺസുമായി ക്ഷമയോടെ ബാറ്റുവീശിയ വിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോർഡ്, 20 പന്തിൽ മൂന്നു സിക്സർ സഹിതം 27 റൺസെടുത്ത ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി (28 പന്തിൽ 18) എന്നിവരുടെ പ്രകടനവും ബാംഗ്ലൂർ വിജയത്തിൽ നിർണായകമായി.
ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ബാംഗ്ലൂരിന് ഓപ്പണർ അനൂജ് റാവത്തിനെ (പൂജ്യം) നഷ്ടമായി. ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് തന്നെയാണ് ആർസിബിയെ ഞെട്ടിച്ചത്. ആദ്യ ഓവറിന്റെ മുന്നാം പന്തിൽ അനൂജിനെ കീപ്പർ ഷെൽഡൺ ജാക്സന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെയും (4 പന്തിൽ 5) ബാംഗ്ലൂരിനു നഷ്ടമായി. ടിം സൗത്തിയാണ് വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം ഓവറിൽ വിരാട് കോലിയും (7 പന്തിൽ 12) വീണതോടെ ബാംഗ്ലൂർ പരുങ്ങലിലായി.
നാലാം വിക്കറ്റിൽ വില്ലിയും റുഥർഫോർഡും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ സുനിൽ നരെയ്‌ൻ ആണ് വില്ലിയെ പുറത്താക്കിയത്. വാനിന്ദു ഹസരംഗ 3 പന്തിൽ 4 റൺസെടുത്തു. കൊൽക്കത്തയ്ക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും സുനിൽ നരെയ്‌ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: Bangalore beat Kolkata by three wickets
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !