കുറ്റിപ്പുറം: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിൽ 121.77 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
നിലവിൽ ജലനിധി പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ
കുടിവെള്ള വിതരണം നടന്നിരുന്നത്. എന്നാൽ സാങ്കേതികമായ വിവിധ കാരണങ്ങളാൽ കുടിവെള്ള വിതരണത്തിന് പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് ജൽ ജീവൻ മിഷന്റെ അഞ്ചാമത്തെ സ്റ്റേറ്റ് ലവൽ സെലക്ഷൻ കമ്മിറ്റി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 121.77 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് ഭരണാനുമതിയായത്.
പദ്ധതി നടത്തിപ്പിന്റെ മുന്നോടിയായുള്ള സർവ്വേ പ്രവൃത്തികൾക്കുള്ള ടെണ്ടറായിട്ടുണ്ട്. സർവ്വേ ഡീറ്റെയിൽ കിട്ടിയാൽ ട്രീറ്റ്മെന്റ് പ്ലാന്റ്, പൈപ്പ് ലൈൻ നറ്റ് വർക്ക്, ടാങ്കുകൾ എന്നിവയുടെ ഡിസൈൻ തയ്യാറാക്കും. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് സാങ്കേതികാനുമതി ലഭ്യമാക്കുക. ഭാരതപ്പുഴയിൽ നിന്നുള്ള സ്രോതസ്സ് തന്നെയാണ് പദ്ധതിക്കായി ഉപയോഗിക്കുക.
ഒരു മാസം കൊണ്ട് സർവ്വേ പൂർത്തീകരിക്കും. ആറ് മാസത്തിനകം പദ്ധതിയുടെ ടെണ്ടർ നടപടികളും പൂർത്തീകരിക്കും. പഞ്ചായത്തിൽ നിലവിലുള്ള കണക്ഷനുകളുo പുതുതായി നൽകുന്ന 7877 കണക്ഷനും ഉൾപ്പെടെ ആകെ 11672 കണക്ഷനുകളാണ് പദ്ധതി പ്രകാരമുള്ളത്. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Content Highlights: Jal Jeevan Mission; 121.77 crore project approved in Kuttipuram panchayath - Prof. Abid Hussain Thangal MLA
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !