മലപ്പുറം: തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിൽ കേരളം മേഘാലയയോടു സമനില വഴങ്ങി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. കേരളത്തിനായി സഫ്നാദ് (17), സഹീഫ് (58) എന്നിവരാണ് ഗോൾ നേടിയത്. മേഘാലയയ്ക്കായി കിൻസെയ്ബോർ (40), ഫിഗോ സിൻഡായ് (55) എന്നിവർ ലക്ഷ്യം കണ്ടു. സിന്‍ഡായിയുടെ ടൂർണമെന്റിലെ മൂന്നാം ഗോളാണ്. മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. 22 വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.
ഗ്രൂപ്പ് മത്സരത്തില്‍ സസ്‌പെന്‍ഷന്‍ മാറി കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ ഷികിലിനെ പുറത്തിരുത്തി സഫ്‌നാദിനെ ഉള്‍പ്പെടുത്തിയാണ് കേരളം മേഘാലയയ്ക്കെതിരെ ഇറങ്ങിയത്. 10 ാം മിനിറ്റിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ അര്‍ജുന്‍ ജയരാജിനെ ലക്ഷ്യമാക്കി വിഘ്നേഷ് നല്‍കിയ പാസ് മേഘാലയ പ്രതിരോധ താരം വില്‍ബേര്‍ട്ട് ഡോണ്‍ബോക്കലാഗ് രക്ഷപ്പെടുത്തി. 15 ാം മിനിറ്റിൽ രണ്ടാം അവസരം. ബോക്‌സിനു മുമ്പില്‍ നിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിക്കാനിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിനെ പിന്നില്‍ നിന്ന് ഒടിയെത്തി കിന്‍സായിബോര്‍ ലൂയിഡ് അവസരം രക്ഷപ്പെടുത്തി. 17 ാം മിനിറ്റിൽ കേരളം ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് ഒരു പ്രതിരോധ താരത്തെ മറികടന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍ക്കിയ പാസില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച മുഹമ്മദ് സഫ്‌നാദ് ഗോളാക്കി മാറ്റി. ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയയ്ക്ക് 25 ാം മിനിറ്റിൽ അവസരം ലഭിച്ചു. പിന്നില്‍ നിന്ന് ഓടിയെത്തിയ പ്രതിരോധ താരം അജയ് അലക്‌സ് രക്ഷകനായി. 27 ാം മിനിറ്റിൽ സോയല്‍ ജോഷി നല്‍കിയ പാസില്‍ വിഘ്നേഷ് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
28 ാം മിനിറ്റിൽ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ വിഘ്നേഷ് നല്‍ക്കിയ പാസ് നിജോ ഗില്‍ബേര്‍ട്ട് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 40 ാം മിനിറ്റിൽ മേഘാലയ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് അറ്റ്‌ലാന്‍സണ്‍ ഫസ്റ്റ് ബോക്‌സിലേക്ക് നല്‍ക്കിയ പാസില്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കിന്‍സെയ്ബോര്‍ ലൂയിഡ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ കേരളത്തിന് അവസരം ലഭിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ നൗഫലും ജെസിനും തമ്മില്‍ നടത്തിയ മുന്നേറ്റത്തില്‍ ജെസിന്‍ സെകന്റ് പോസ്റ്റിലേക്ക് നല്‍ക്കിയ പാസ് സഫ്‌നാദ് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ നഷ്ടമായി. 49 ാം മിനിറ്റിൽ മേഘാലയ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 55 ാം മിനിറ്റിൽ മേഘാലയ ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ഫിഗോ സിന്‍ഡായ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
58 ാം മിനിറ്റിൽ കേരളം സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി അടിച്ചു. മേഘാലയ താരങ്ങളുടെ തലയില്‍ തട്ടിയ പന്ത് മുഹമ്മദ് ഷഹീഫിന് ലഭിച്ചു. ഷഹീഫ് അടിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് വലതു വിങ്ങിലൂടെ മൂന്നേറി നൗഫല്‍ ഗോളിനായി അവസരം ഒരുക്കിയെങ്കിലും ഗോള്‍ വിട്ടുനിന്നു. 88 ാം മിനിറ്റിൽ വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഷഹീഫ് കൃത്യമായി സെകന്റ് പോസ്റ്റിലേക്ക് നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ബിബിന്‍ അജയന്‍ ഹെഡ് ചെയ്‌തെങ്കിലും ബാറില്‍ തട്ടി. 90 ാം മിനിറ്റിൽ മറ്റൊരു അവസരം ലഭിച്ചു. വലതു വിങ്ങിലൂടെ നൗഫല്‍ അകത്തേക്ക് കടന്ന് സോയലിന് നല്‍കിയ ബോള്‍ സോയല്‍ ബോക്‌സിലേക്ക് നല്‍കി. പന്ത് സ്വീകരിച്ച ജിജോ ജോസഫ് ഗോളിന് ശ്രമിച്ചെങ്കിലും മേഘാലയ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി.
Content Highlights: Santosh Trophy, Kerala drew with Meghalaya


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !