ഐപിഎലിൻ വെസ്റ്റിൻഡീസുകാരുടെ താണ്ഡവം അവസാനിക്കുന്നില്ല. ഇത്തവണ ബാറ്റിങ് പൂരം കൊൽക്കത്ത താരം ആന്ദ്രെ റസ്സൽ വകയായിരുന്നു. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ തകർത്തടിച്ച ആൻന്ദ്രെ റസ്സലിന്റെ (31 പന്തിൽ 70*) മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു തകർപ്പൻ ജയം. ആറു വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.
138 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ, അഞ്ച് ഓവറും മൂന്നു പന്തു ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 14.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 141 റൺസെടുത്തു. എട്ടു സിക്സും രണ്ടു ഫോറും ഉൾപ്പെടുന്നതായിരുന്നു റസ്സലിന്റെ ഇന്നിങ്സ്. 23 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന സാം ബില്ലിങ്സ് പിന്തുണ നൽകി.
അജിൻക്യ രഹാനെ (11 പന്തിൽ 12), വെങ്കെടേഷ് അയ്യർ (7 പന്തിൽ 3), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (15 പന്തിൽ 26), നിതീഷ് റാണ(പൂജ്യം) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.
ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി ഉമേഷ് യാദവ് ഒരിക്കൽക്കൂടി മുന്നിൽനിന്ന് നയിച്ചതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 18.2 ഓവറിൽ 137 റൺസിന് എല്ലാവരും പുറത്തായി.
ഉമേഷ് യാദവ് നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇതോടെ, ഐപിഎലിൽ പവര്‍പ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ മാത്രം ബോളറായി ഉമേഷ് യാദവ് മാറി. മുന്നിലുള്ളത് സഹീർ ഖാൻ (52), സന്ദീപ് ശർമ (52), ഭുവനേശ്വർ കുമാർ (51) എന്നിവർ മാത്രം. ഐപിഎലിൽ ഒരേ ടീമിനെതിരെ കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടവും ഉമേഷ് യാദവിനു സ്വന്തം. ഇന്നത്തെ നാലു വിക്കറ്റ് നേട്ടത്തോടെ പഞ്ചാബ് കിങ്സിനെതിരെ ഉമേഷ് യാദവിന് ആകെ 33 വിക്കറ്റുകളായി.
റോയൽ ചാലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഞെട്ടിച്ച പഞ്ചാബ് കിങ്സ്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൂട്ടത്തോടെ നിരാശപ്പെടുത്തിയാണ് 137 റൺസിന് പുറത്തായത്. കൂട്ടത്തിൽ ഭേദപ്പെട്ടുനിന്നത് വെറും ഒൻപതു പന്തിൽനിന്ന് 31 റൺസടിച്ച ശ്രീലങ്കൻ താരം ഭാനുക രജപക്സയുടെ കടന്നാക്രമണം മാത്രം. ആകെ നേരിട്ട ഒൻപതു പന്തിൽനിന്ന് മൂന്നു വീതം സിക്സം ഫോറും കണ്ടെത്തിയാണ് രജപക്സ 31 റൺസെടുത്തത്.
അവസാന ഓവറുകളിൽ 16 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത കഗീസോ റബാദയുടെ പ്രകടനവും ശ്രദ്ധേയമായി. ശിഖർ ധവാൻ (15 പന്തിൽ 16), ലിയാം ലിവിങ്സ്റ്റൺ (16 പന്തിൽ 19), രാജ് ബാവ (13 പന്തിൽ 11), ഹർപ്രീത് ബ്രാർ (18 പന്തിൽ 14) എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (അഞ്ച് പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (0), രാഹുൽ ചാഹർ (0), അർഷ്ദീപ് സിങ് (0) എന്നിവർ നിരാശപ്പെടുത്തി.
കൊൽക്കത്ത നിരയിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിനു പുറമെ രണ്ടു വിക്കറ്റെടുത്ത ടിം സൗത്തിയും തിളങ്ങി. നാല് ഓവറിൽ 36 റൺസ് വഴങ്ങിയാണ് സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്ന്റെ പ്രകടനം ശ്രദ്ധേയമായി. ശിവം മാവി രണ്ട് ഓവറിൽ 39 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് വീഴ്ത്തി. മാവിക്കെതിരെ ഒരു ഓവറിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 22 റൺസെടുത്ത ഭാനുക രജപക്സയെ താരം തന്നെ പുറത്താക്കുകയായിരുന്നു. രണ്ടു പന്തു മാത്രം എറിഞ്ഞ റസ്സൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഒരു വിക്കറ്റ് വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !