മാഞ്ചസ്റ്റർ: കപ്പിനും ചുണ്ടിനുമിടയിൽ കിരീടം വഴുതിപ്പോകുമോയെന്ന് ഭയന്ന ആരാധകരെ ത്രില്ലടിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി മാജിക്. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-2 ന് പരാജയപ്പെടുത്തി സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി.
രണ്ട് ഗോളുകൾക്ക് പിന്നിൽനിന്ന ശേഷം അഞ്ച് മിനിറ്റിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചായിരുന്നു സിറ്റിയുടെ ത്രില്ലർ ജയം. 93 പോയിന്റുമായാണ് സിറ്റി ലീഗ് കിരീടം നിലനിർത്തിയത്. 92 പോയിന്റുമായി ലിവർപൂൾ രണ്ടാമത് ഫിനീഷ് ചെയ്തു.
അവസാന മത്സരംവരെ കിരീടത്തിനായി സിറ്റിയും ലിവർപൂളും ഇഞ്ചോടിഞ്ച് പോരാടി. അവസാന മത്സരത്തിനിറങ്ങുമ്പോൾ സിറ്റിക്ക് 90 പോയിന്റും ലിവർപൂളിന് 89 പോയിന്റുമായിരുന്നു. ലിവർപൂളിന്റെ മുൻ താരം സ്റ്റീവൻ ജെറാദ് ആസ്റ്റൺ വില്ലയുടെ ആശാനായെത്തി മുൻ ക്ലബിന് കിരീടം നേടിക്കുമോയെന്നായിരുന്നു കളിപ്രേമികളുടെ ആകാംക്ഷ.
സിറ്റി പേടിച്ചതു തന്നെ ജെറാദ് നടപ്പിലാക്കി. ആദ്യ പകുതിയിൽ മാറ്റി കാഷിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. 69 ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ജെറാദ് സിറ്റിയുടെ നെഞ്ചിടിപ്പ് കൂട്ടി. ഇതേസമയം വോൾവ്സിനെതിരെ 1-1 സമനിലയിൽ ലിവർപൂൾ കിരീടം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
എന്നാൽ 76 ാം മിനിറ്റിൽ ഇൽകി ഗുണ്ടോഗനിലൂടെ സിറ്റി തിരിച്ചടി ആരംഭിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ വില്ലയുടെ കഥ കഴിക്കുകയും ചെയ്തു. റോഡ്രിഗോ ഹെർണാണ്ടസ് 78 ാം മിനിറ്റിൽ 81 ാം മിനിറ്റിൽ വീണ്ടും ഗുണ്ടോഗൻ. സിറ്റിക്ക് ആധികാരിക ജയവും കിരീടവും.
ലിവർപൂളും അവസാന മിനിറ്റുകളിലാണ് ജയം പിടിച്ചെടുത്തത്. കിരീട മോഹവുമായി ഇറങ്ങിയ ലിവർപൂളിനെ വോൾവ്സ് മൂന്നാം മിനിറ്റിൽ തന്നെ ഞെട്ടിച്ചു. പെഡ്രോ നെറ്റോയിലൂടെ മുന്നിൽ. 24 ാം മിനിറ്റിൽ സാദിയോ മാനെ ലിവർപൂളിനായി കടംവീട്ടി. 84, 89 മിനിറ്റുകളിൽ മുഹമ്മദ് സലായും ആൺഡ്രൂ റൊബർട്സണും ലിവർപൂളിനെ വിജയത്തിലെത്തിച്ചു.
Content Highlights: English Premier League title for Manchester City
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !