Vismaya case: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ വിധി നാളെ

0
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ വിധി നാളെ | Kiran Kumar convicted in Vismaya case: Court Sentencing is tomorrow

കൊല്ലം: 
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. 

പ്രതീക്ഷിച്ച വിധിയെന്നാണ് വിസ്മയയുടെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛന്‍ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. വിസ്മയയുടെ ഗതി മറ്റൊരു പെണ്‍കുട്ടിക്കും വരരുതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഒരുവര്‍ഷത്തെ അധ്വാനത്തിന് ലഭിച്ച ഫലമെന്ന് ഡിവൈഎസ്പി രാജ്കുമാറും സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണിതെന്ന് പ്രോസിക്യൂട്ടറും പ്രതികരിച്ചു. കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി. കേസിലെ ശിക്ഷ നാളെ വിധിക്കും.

ചടയമംഗലം നിലമേല്‍ കൈതോട് സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുളിമുറിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്.  ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 42 സാക്ഷികളും 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

നേരത്തെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. വിസ്മയയുടെ ആത്മഹത്യാ കുറിപ്പ് പോലീസുകാരന് കൈമാറിയെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കിയതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. നേരത്തെ നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ വിസ്മയയുടെ ആത്മഹത്യ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ശബ്ദം കേട്ട് എത്തിയപ്പോഴാണ് വിസ്മയ നിലത്ത് കിടക്കുന്ന രീതിയില്‍ കണ്ടതെന്നായിരുന്നു സദാശിവന്‍ പിള്ള പറഞ്ഞിരുന്നത്. ആത്മഹത്യ കുറിപ്പിനെ സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഉയര്‍ത്തിയത്.

സംഭവത്തിനു ശേഷം 80 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായത് അന്വേഷണ സംഘത്തിന് നേട്ടമായി. പ്രതി കിരണ്‍കുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഇതോടെ ഒഴിവായിരുന്നു. തുടര്‍ന്ന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ജാമ്യം തേടി പ്രതി സുപ്രീം കോടതിയെ സമീപിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളി കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രം പ്രതിക്ക് ജയിലില്‍ പോയാല്‍ മതിയെന്ന സാഹചര്യം ഒരുങ്ങിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കിരണ്‍ കുമാറിനെ ഗതാഗതവകുപ്പ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

വിസ്മയ കേസ്: കിരണിനെതിരെ ചുമത്തിയ പ്രധാന വകുപ്പുകള്‍ ഇവയാണ്

കേരളത്തെ കണ്ണീരിലാഴ്ത്തിയ വിസ്മയ കേസില്‍ ശിക്ഷ നാളെ വിധിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ചടയമംഗലം നിലമേല്‍ കൈതോട് സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് ഏക പ്രതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

1) ഐപിസി 304 ബി
സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്റെ പേരിലാണ് കിരണിനെതിരെ ഐപിസി 304 ബി വകുപ്പ് ചുമത്തിയിരിക്കുന്നത്. 7 വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് പരമാവധി ശിക്ഷ. 

2) ഐപിസി 498 എ
സ്ത്രീധനത്തിന്റെ പേരിലുളള പീഡനത്തിനെതിരായ വകുപ്പാണിത്. പ്രതിയ്ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം.

3) ഐപിസി 306
ആത്മഹത്യാ പ്രേരണ കുറ്റമാണിത്. 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306. 

4) ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാനാകും.

5) ഐപിസി 506
ഐപിസി 506 ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാം.

ഈ സുപ്രധാന വകുപ്പുകള്‍ക്ക് പുറമേ സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ലഭിച്ചേക്കാം. കിരണിന് മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.
Content Highlights: Kiran Kumar convicted in Vismaya case: Court Sentencing is tomorrow

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !