തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനം ആണ് ഇത്തവണത്തെ വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 44363 ആണ്. ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്.
2134 സ്കൂളുകൾ നൂറ് മേനി വിജയം കൈവരിച്ചു. അതിൽ 760 എണ്ണം സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്.
ഏറ്റവുമധികം വിജയശതമാനം നേടിയ റവന്യൂ ജില്ല കണ്ണൂരാണ്( 99.76%). കുറവ് വയനാടാണ് (92.07%). എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാലയാണ്. വിജയശതമാനം കുറവ് ആറ്റിങ്ങലിലാണ്.
നാല് മണി മുതൽ pareekshabhavan.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 4,23,303 പേരാണ്.
ഉത്തരകടലാസിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നാളെ മുതൽ 22 വരെ ഓൺലൈനായി നൽകാവുന്നതാണ്. സേ പരീക്ഷാ വിജ്‌ഞാപനം പ്രത്യേകമായി പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. ജൂലായിലായിരിക്കും പരീക്ഷ.
2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗ്രേസ് മാർക്കില്ല എന്നതും പ്രത്യേകതയാണ്.
ഫോക്കസ് ഏരിയയിൽ നിന്നും 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയ്‌ക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങളുമാണ് പരീക്ഷയ്‌ക്ക് ഉൾപ്പെടുത്തിയത്.
ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി.
Content Highlights: SSLC results announced; 99.26 percent pass rate, 44363 full A plus
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !