കൊച്ചി: വധഭീഷണിക്കോ അധിക്ഷേപങ്ങൾക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് അടിവരയിടുകയാണ് ആദില നസ്രിനും (22) ഫാത്തിമ നൂറയും (23). വീട്ടുകാർ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസമുണ്ട് ഇരുവർക്കും. ഒന്നരവർഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ആദില. ഗൂഗിളും യു ട്യൂബും വഴികാട്ടി. മനുഷ്യാവകാശപ്രവർത്തക ധന്യ മാർഗദർശിയായി.
പഠനകാലത്തു തന്നെ സ്‌പോക്കൺ ഇംഗ്ളീഷ് ക്ളാസു നടത്തി ഇരുവരും പണം സമ്പാദിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനത്തിൽ ജോലി ലഭിച്ചിട്ടുണ്ട്. ആധാറുൾപ്പെടെ രേഖകൾ വീട്ടുകാരുടെ കൈവശമാണ്. അത് ലഭിച്ചാലുടൻ നാടുവിടും. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും പറഞ്ഞു.
പ്രണയം സൗദിയിൽ
സൗദി അറേബ്യൻ സ്‌കൂളിലെ പ്ളസ് വൺ പഠനത്തിനിടെയാണ് നസ്രിന്റെയും നൂറയുടെയും സൗഹൃദം പ്രണയമായത്. എന്നാൽ മക്കളുടെ സൗഹൃദത്തിൽ കളങ്കം കണ്ടെത്തിയ രക്ഷിതാക്കൾ ഇരുവരെയും നാട്ടിലേക്കയച്ചു. ഡിഗ്രി കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് ഉറപ്പ്നൽകിയതിനെ തുടർന്നാണ് ആലുവ സ്വദേശിയായ ആദിലയെ കോളേജിൽ ചേർത്തത്. കോഴിക്കോട് താമരശേരി സ്വദേശിയായ നൂറ നാട്ടിൽ ബി.എ ഇംഗ്ളീഷിനും ചേർന്നു.
ഡിഗ്രി ഫലത്തിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലെത്തിച്ചു. 24ന് നൂറയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. ചെറുത്ത ഇരുവർക്കും മർദ്ദനമേറ്റു. ആദില വീട്ടിൽ നിന്നു പുറത്തായി.
രക്ഷകനായി കോടതി
28ന് ആദില ബിനാനിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 30ന് വൈകിട്ട് ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് നൂറയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഒരുമിച്ചു ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് വീട്ടുകാർ രേഖാമൂലം നൽകിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.
Content Highlights: Adila and Noora no longer have any contact with the family and can not change their decision to live together
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !