താരസംഘടനായായ 'A.M.M.A'യുടെ ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മീറ്റിംഗില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. A.M.M.A ഭാരവാഹികള്‍ സ്വീകരിച്ച നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
വിജയ് ബാബുവിനെ കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാന്‍ സാധിക്കില്ലെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കോടതിയുടെ തീരുമാനം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എടുത്തുചാടി ഒരു നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാട് ഒരിക്കലും വിജയ് ബാബുവിനെ സംരക്ഷിക്കുന്നതല്ലെന്നാണ് A.M.M.A ഭാരവാഹികള്‍ പറയുന്നത്.
യോഗം പുരോഗമിക്കുന്നതിനിടെ ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അമ്മയുടെ ഭാരവാഹികള്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. A.M.M.Aയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടെന്ന് സിദ്ദിഖ് പറയുകയും ചെയ്തു.
A.M.M.Aയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരായ നടപടിയെടുക്കുക. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇക്കാരണത്താല്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന നിലപാടിലേയ്ക്ക് സംഘടന എത്തിയപ്പോഴാണ് ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത്. തനിക്കെതിരായ 'A.M.M.A'യുടെ നീക്കത്തിനു പിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്നാണ് ഷമ്മി തിലകന്റെ നിലപാട്.
Content Highlights: Shammi outside and Vijay Babu inside ?: 'Amma''s stand in controversy
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !