ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് (ഇ ഡി). നാഷണൽ ഹെറാൾഡ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ എട്ടിന് മുൻപ് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. പിന്നാലെ ഇഡിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.
കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി ആരോപിച്ചു. 2015ൽ ഇ ഡി കേസ് അവസാനിപ്പിച്ചതാണ്. എന്നാൽ കേന്ദ്രസർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി കേസ് പുനരാരംഭിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. പണപ്പെരുപ്പം ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കമാണിതെന്നും സിങ്‌വി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് രാഹുൽ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിക്കുമെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് കൊടുത്തത്. ആരോപണങ്ങൾ സോണിയയും രാഹുലും അന്നേ നിഷേധിച്ചിരുന്നു.
നഷ്ടം മൂലം 2008ൽ 'നാഷണൽ ഹെറാൾഡ്" പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) എന്ന കമ്പനിയാണ് നാഷണൽ ഹെറാൾഡിന് പുറമേ നവ്‌ജീവൻ, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കൾ പാർട്ടി ഫണ്ട് ഉപയോഗിച്ച് 'യംഗ് ഇന്ത്യൻ" എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ ആരോപണം. സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് 'യംഗ് ഇന്ത്യൻ" കമ്പനി. എ.ജെ.എൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നൽകി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു. പ്രസിദ്ധീകരണം പൂനഃരാരംഭിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
Content Highlights: ED notice to Sonia Gandhi, Rahul and Gandhi; Must appear for questioning
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !