തിരുവനന്തപുരം: മുഖ്യമന്തിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. മട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിൽ അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.
അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയതിനെ തുടർന്നാണ് മാനേജ്‌മെന്റിന്റെ നടപടി. ഡിപിഐയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബുവിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.
ഇന്നലെ വൈകിട്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്‌ത വിമാനത്തിനുള്ളിലായിരുന്നു സംഭവം. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ സമീപം നടന്നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പോലീസ് കേസെടുത്തിരുന്നു.
ഫർസീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന എന്നിവയും എയർക്രാഫ്‌റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. വലിയതുറ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Content Highlights: In-flight protest; The teacher, a Youth Congress activist, was suspended
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !