ന്യൂഡൽഹി: എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇരു വിഭാഗവും പരസ്പര ധാരണയോടെയുള്ള വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർ.എസ്.എസിന്റെ തൃതീയ വർഷ സംഘ ശിക്ഷാവർഗ്ഗിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാൻവാപി സൃഷ്ടിച്ചത് ഇന്നത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ അല്ല. ഇന്ത്യക്ക് പുറത്ത് നിന്നെത്തിയ അക്രമകാരികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആഗ്രഹിച്ചവരുടെ മനോവീര്യം തളർത്താനാണ് ദേവസ്ഥാനങ്ങൾ തകർത്തത്.
ഞങ്ങൾക്ക് പ്രത്യേക താത്പര്യമുള്ള ചില സ്ഥലങ്ങളുണ്ടായിരുന്നു. അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ദിവസവും ഓരോ പുതിയ കാര്യം പുറത്ത് കൊണ്ടുവരുന്നത് എന്തിനാണ്? എന്തിനാണ് തർക്കം വർദ്ധിപ്പിക്കുന്നത് ? ഗ്യാൻവാപിയോട് പ്രത്യേക ഭക്തിയുണ്ട്. എന്നാൽ, എല്ലാ മസ്ജിദിലും ശിവലിംഗത്തിനായി തിരയുന്നത് എന്തിനെന്ന് മോഹൻ ഭാഗവത് ചോദിച്ചു. ഒരു ആരാധനാരീതിയോടും ഞങ്ങൾക്ക് എതിർപ്പില്ല. എല്ലാം വിശുദ്ധമായി കണക്കാക്കുന്നു. തർക്കങ്ങൾ കോടതിയിലെത്തിയാൽ കോടതിവിധി എന്തായാലും അത് അംഗീകരിക്കണം- ഭാഗവത് പറഞ്ഞു.
ചില തീവ്രഹിന്ദു സംഘടനകൾ ഗ്യാൻവാപി മസ്ജിദ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ അയോദ്ധ്യയുമായി താരതമ്യം ചെയ്ത് പ്രസ്താവനകളിറക്കുമ്പോൾ ആർ.എസ്.എസ് മേധാവിയുടെ നിലപാടിന് പ്രാധാന്യമേറെയാണ്.
Content Highlights: Mohan Bhagwat explains why Shiva lingams are sought in all churches
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !