കൊണ്ടോട്ടി: കോരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ നവീകരിച്ച ചരിത്ര സാംസ്കാരിക മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. പൗരാണിക മലബാറിന്റെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും ഉപകരണങ്ങളും, ചിത്രീകരണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. 2019ല്‍ തുടങ്ങിയ മ്യൂസിയം കഴിഞ്ഞ വര്‍ഷമാണ്് വിപുലീകരിച്ചത്.
അക്കാദമിയില്‍ മാപ്പിള സമരങ്ങള്‍, കൊണ്ടോട്ടി നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട ആര്‍ട്ട് ഗ്യാലറികളും ഒരുക്കിയിട്ടുണ്ട്. അക്കാദമി ആവിഷ്‌കരിച്ച ഇശല്‍വാണി വെബ്‌റേഡിയോ കൂടുതല്‍ ജനപ്രിയമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ കമ്മിറ്റി കൈക്കൊണ്ടു. വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ആഗോള ഏകോപനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ കമ്മിറ്റി തീരുമാനിച്ചു.
കോഴിക്കോട്ട് നടക്കുന്ന മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യം ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിന്റെ 150-ാം വാര്‍ഷിക പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. പ്രണയകാവ്യത്തെക്കുറിച്ചുള്ള പുസ്തകം പുനഃപ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് പഠിതാക്കള്‍ക്കുള്ള പ്രവേശനനോല്‍സവം ജൂണ്‍ 12ന് നടക്കും.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ആധ്യക്ഷം വഹിച്ചു. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ ഹംസ (വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍), ടി.വി.ഇബ്രാഹിം (എം.എല്‍.എ), വൈസ്‌ചെയര്‍മാന്‍ ഹൈദരലി പുലിക്കോട്ടില്‍, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, കെ. അബ്ദുല്‍ ജബ്ബാര്‍, രാഘവന്‍ മാടമ്പത്ത്, ബഷീര്‍ ചുങ്കത്തറ, സി.എച്ച്. മോഹനന്‍ നാദാപുരം, അബ്ദുറഹ്മാന്‍ ഇണ്ണി, പക്കര്‍ പന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനം തുടരുന്നു
അക്കാദമിയുടെ കീഴില്‍ കൊണ്ടോട്ടി, നാദാപുരം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നു. മാപ്പിളപ്പാട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, വനിതകള്‍ക്കുള്ള ദഫ് മുട്ട്, വനിതകള്‍ക്കുള്ള ഹാര്‍മോണിയം, അറബി മലയാളം തുടങ്ങിയവയാണ് കോഴ്‌സുകള്‍. ചേരാന്‍ താല്പര്യമുള്ളവര്‍ 0483 2711432 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !