തിരുവനന്തപുരം/കൊല്ലം: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തു നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം. മിൽമ ചെയർമാനായി പ്രവർത്തിച്ചു. വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രാമധ്യേ വട്ടപ്പാറയ്ക്ക് സമീപത്തുവച്ചാണ് ഹൃദയാഘാതമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ് യുവിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രയാർ 2001 ൽ ചടയമംഗലത്ത് നിന്നാണ് നിയമസഭയിലേക്ക് എത്തിയത്. എൽഡിഎഫിൻ്റെ സ്ഥാനാർഥിയായിരുന്ന ആർ ലതദേവിയെയാണ് പരാജയപ്പെടുത്തിയത്.പിന്നീട്, 2016ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി പ്രവർത്തിച്ചു.
ദേവസ്വം ബോർഡ് പ്രസിഡൻ്റായിരിക്കെ ശബരിമല ഉൾപ്പെടെയുള്ള ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തി. മിൽമ ചെയർമാനായി പ്രവർത്തിച്ച കാലഘട്ടത്തിൽ ക്ഷീര കർഷകരെ അണിനിരത്തി വലിയതോതിലുള്ള മികച്ച പ്രവർത്തനങ്ങൾ നടത്താനും പ്രയാർ ഗോപാലകൃഷ്ണന് കഴിഞ്ഞു. അദ്ദേഹത്തിൻ്റെ നിര്യാണമാണ് അൽപസമയം മുൻപ് ഉണ്ടായത്.
പ്രയാർ ഗോപാലകൃഷ്‍ണന്റെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മിൽമയുടെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ മികച്ച സഹകാരിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണ്ണകാലമായിരുന്നു. ഞാനുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിൻ്റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നോക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിൻ്റെ സംഭാവനയാണ്.ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യുഡിഎഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
Content Highlights: Prayar Gopalakrishnan passes away; The end was followed by a heart attack


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !