ന്യൂഡൽഹി: ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 1,64,156 കോടി രൂപയുടേതാണ് പുനരുദ്ധാരണ പാക്കേജ്. സർവീസ് മെച്ചപ്പെടുത്തൽ, ഫൈബർ ശൃംഖല വിപുലപ്പെടുത്തൽ എന്നിവയാണ് പുനരുദ്ധാരണ പാക്കേജിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ബിഎസ്എൻഎലിന്റെ 4ജി പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും ഇതിനായി തദ്ദേശീയമായിട്ടുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 4ജി എത്താത്ത ഗ്രാമങ്ങളിൽ 4ജി എത്തിക്കാൻ 26,316 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പാക്കേജിന് പച്ചക്കൊടി കാട്ടിയത്.
പൊതുമേഖലയിലുള്ള കമ്പനിയായ ബിഎസ്എൻഎലിനെ കാലോചിതമായി പരിഷ്കരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും മത്സരാധിഷ്ഠിതമായ ടെലകോം മേഖലയിൽ ബിഎസ്എൻഎലിന്റെ പ്രവർത്തനം നവീകരിക്കുന്നതിനും വേണ്ടിയാണ് സാമ്പത്തിക പാക്കേജിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും അംഗീകാരം ലഭിച്ചത്.
ഈ പാക്കേജിനു മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്നാമതായി സർവീസ് മെച്ചപ്പെടുത്തുന്നതിനാണ് പാക്കേജിന്റെ മുഖ്യ പരിഗണന. നിലവിലുള്ള ബിഎസ്എൻഎൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, അവരെ ബിഎസ്എൻഎലിലേക്കു കൂടുതൽ അടുപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാമതായി ബിഎസ്എൻഎലിന്റെ ഫൈബർ ശൃംഖല മെച്ചപ്പെടുത്താനും പാക്കേജ് ലക്ഷ്യമിടുന്നു. 3ജി, 4ജി, 5ജി എന്നിങ്ങനെ ജനറേഷൻ പ്രകാരമുള്ള ഫൈബർ ശൃംഖലയുടെ കാലോചിതമായി പരിഷ്കാരമാണ് ലക്ഷ്യം. നിലവിൽ ബിഎസ്എൻഎലിന് ഫൈബർ ശൃംഖല നൽകുന്നത് ബിഎസ്എൻഎലും ബിബിഎൻഎലുമാണ്. ഇവ രണ്ടും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കി ഫൈബർ ശൃംഖല മെച്ചപ്പെടുത്താനാണ് ശ്രമം.
മൂന്നാമതായി ബിഎസ്എൻഎലിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് കമ്പനിയെ ലാഭത്തിലാക്കാനും പാക്കേജ് ഉന്നമിടുന്നു. 2019ൽ കേന്ദ്രസർക്കാർ ബിഎസ്എൻഎലിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു. ഇതുവഴി പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇപ്പോഴും ബിഎസ്എൻഎൽ പൂർണമായും ലാഭത്തിലാക്കാനായിട്ടില്ല.
Content Highlights: The Center presented a package of 1.64 lakh crores for the survival of BSNL
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !