സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 2020-2021 അധ്യായന വര്‍ഷത്തെ പ്ലസ്ടു വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ സ്‌പെഷ്യല്‍ ഫീസ് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായതില്‍ ഏറേ ആഹ്ലാദത്തിലാണ് കോഡൂര്‍ ചോലക്കല്‍ വലിയപ്പറമ്പ് സ്വദേശി എം.ടി. മുഹമ്മദ് മുര്‍ഷിദ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത കാലത്ത് സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്നതിനെതിരേയും പിന്നീട് പിരിച്ചെടുത്ത ഫീസ് തിരികെ കിട്ടാനും നിരന്തരമായി പരിശ്രമിച്ച ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2020-2021 വര്‍ഷം പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന മുര്‍ഷിദ് നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് സര്‍ക്കാര്‍ ഉത്തരവ്.
അന്യായമായി സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്നതിനെതിരേയും പിന്നീട് പിരിച്ചെടുത്ത ഫീസ് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടും ഹയര്‍സെക്കന്‍ഡറി റീജിണല്‍ ഡയറക്ടര്‍, ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് വിവിധഘട്ടങ്ങളിലായി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനെയും എം.ടി. മുര്‍ഷിദ് സമീപിച്ചു.
ഈ പരാതികളില്‍ പ്രതികരണങ്ങളില്ലത്തതിനാല്‍ പി. ഉബൈദുള്ള എം.എല്‍.എയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പി. ഉബൈദുള്ള നിയമസഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ ഫീസ് തിരിച്ചുനല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. ജൂണില്‍ വീണ്ടും നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുനല്‍കാന്‍ തീരുമാനമായത്.
ഇപ്പോള്‍ മലപ്പുറം മേൽമുറി എം സി ടി ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡി.എല്‍.എഡ്.) വിദ്യാര്‍ഥികൂടിയായ മുര്‍ഷിദിന്റെ പോരാട്ടം ഇനി അധ്യാപക പരിശീലനാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി.
തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് അടിയന്തിര നടപടിസ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി മുര്‍ഷിദ് പറഞ്ഞു.
Content Highlights: Higher Secondary Special Fee: Murshid's struggle won; Ordered to refund the fee paid a year ago
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !