മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം

0
മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം

മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ജൂലൈ അഞ്ചിന് 28 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളിയുടെ വായനാനുഭവത്തെ  തന്റെ അനുപമമായ ശൈലിയിലൂടെ പുനര്‍ നിര്‍ണയിച്ച അദ്ദേഹം സ്വന്തം കയ്യൊപ്പുള്ള വാക്കുകളാല്‍ വായനക്കാരെ വിസ്മയിപ്പിച്ചു. ലളിതമായ വാക്കുകളാല്‍ ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക് മലയാളിയെ പിടിച്ചുയര്‍ത്തിയ കഥയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. 
1908  ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു മഹാനായ ആ എഴുത്തുകാരന്റെ ജനനം. 1994  ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ  ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 

1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീര്‍. ഏത് സാധാരണക്കാര്‍ക്കും വായിക്കാന്‍ പാകത്തിന് സാധാരണ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. വായനക്കാരെ തന്റെ തൂലികയാല്‍ ആകര്‍ഷിക്കാനും ബഷീര്‍ കൃതികള്‍ വീണ്ടും വീണ്ടും വായിക്കാനും മലയാളികള്‍ ഇഷ്ട്ടപ്പെട്ടു. 
മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം

ആദ്യ കഥ:
പദ്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും, കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.


സാഹിത്യശൈലി:
വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി. 


വേറിട്ട കഥാപാത്രങ്ങള്‍:
ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. 

സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

കൃതികളുടെ പരിഭാഷകള്‍:
അതീവ ലളിതവും എന്നാല്‍ ശൈലികള്‍ നിറഞ്ഞതുമായ ആ രചനകള്‍ മലയാള വായനക്കാര്‍ക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തര്‍ജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികള്‍ സ്‌കോട്ട്‌ലണ്ടിലെ ഏഡിന്‍ബറോ സര്‍വ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ഡോ. റൊണാള്‍ഡ് ആഷര്‍ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം

ചലച്ചിത്രങ്ങള്‍:
  • ഭാര്‍ഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഭാര്‍ഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തില്‍.

  • മതിലുകള്‍
ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയായിട്ടുണ്ട്. ആ ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയി അഭിനയിച്ചത് പ്രശസ്ത നടന്‍ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.സ്ത്രീ കഥാപാത്രങ്ങള്‍ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകള്‍ ഇതില്‍ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്.

  • ബാല്യകാലസഖി
സിനിമയായിത്തീര്‍ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധായകന്‍ ശശികുമാര്‍ നിര്‍മ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.ഈ സിനിമ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തല്‍വാര്‍ നായികയുമായി.

ബഹുമതികള്‍:
  • ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982).
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970.
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981.
  • കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 'ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987).
  • സംസ്‌കാരദീപം അവാര്‍ഡ് (1987).
  • പ്രേംനസീര്‍ അവാര്‍ഡ് (1992).
  • ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992).
  • മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993).
  • വള്ളത്തോള്‍ പുരസ്‌കാരം(1993).
 
വിവാദങ്ങള്‍:
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് നാടകത്തില്‍ നിന്ന് ഒരു രംഗം ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ഉപപാഠപുസ്തകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രധാനമായും, ഗ്രന്ഥത്തില്‍ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇതിലേറെ വിമര്‍ശന ശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങള്‍.

മലയാള സാഹിത്യത്തിലെ മഹാപ്രതിഭ:
''ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവന്‍ ചുറ്റിക്കറങ്ങി.  അനിശ്ചിത കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോള്‍ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി. എഴുതി. അങ്ങനെ ഞാന്‍ എഴുത്തുകാരനായി.''

ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകളിലാണ് ഇന്ന് മലയാളം.
മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ ഭാഷയില്‍, സാധാരണക്കാരന്റെ കഥ പറഞ്ഞപ്പോള്‍ അത് കാലാതിവര്‍ത്തിയായി. ലോകമാകെ അലഞ്ഞ് തിരിഞ്ഞ അനുഭവങ്ങളുമായി ബഷീര്‍ എഴുതാനിരുന്നപ്പോള്‍ മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയില്‍ പകര്‍ത്തി. ഭാഷയിലും ശൈലിയിലുമെല്ലാം പുതിയൊരു എഴുത്തു ലോകം തീര്‍ക്കുകയായിരുന്നു അദ്ദേഹം.

ഇന്നും വായിക്കുന്ന ബഷീര്‍ കൃതികള്‍:
നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയില്‍ ബഷീര്‍ കുറിച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. പ്രേമ ലേഖനവും, പാത്തുമ്മയുടെ ആടും, ഇമ്മിണി ബല്ല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു. ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞു.

നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ തന്നെ സൃഷ്ടിച്ചെടുത്തു. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു.

ബഷീര്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍:
1943ല്‍ ഇറങ്ങിയ പ്രേമലേഖനമായിരുന്നു ആദ്യ കൃതി. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, ഭൂമിയുടെ അവകാശികള്‍, ശബ്ദങ്ങള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭാര്‍ഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയാക്കിയത്), കഥാബീജം (നാടകത്തിന്റെ തിരക്കഥ), ജന്മദിനം, ഓര്‍മക്കുറിപ്പ്, പൂവന്‍പഴം, അനര്‍ഘനിമിഷം, വിഡ്ഢികളുടെ സ്വര്‍ഗം, മരണത്തിന്റെ നിഴല്‍, മുച്ചീട്ടു കളിക്കാരന്റെ മകള്‍, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴല്‍പ്പാടുകള്‍, വിശപ്പ്, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, താരാസ്പെഷല്‍സ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓര്‍മയുടെ അറകള്‍ (ഓര്‍മക്കുറിപ്പുകള്‍) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കന്‍, ചെവിയോര്‍ക്കുക! അന്തിമകാഹളം..., സര്‍പ്പയജ്ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) എന്നിവയാണ് ബഷീര്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍.


1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം മുതല്‍ അനേകം സിനിമകള്‍ ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ബാല്യകാലസഖി രണ്ടു തവണ സിനിമയായി. പ്രേമലേഖനം, ശശിനാസ് തുടങ്ങിയ സിനിമകളും ഹ്രസ്വസിനിമകളുമുണ്ട്.

ബഷീറിന്റെ മതിലുകള്‍ അടൂരിന്റെ തിരക്കഥയില്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രാനുഭവങ്ങളിലൊന്നായി മാറി. 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീര്‍. 1994 ജൂലൈ 5ന് അദ്ദേഹം സാഹിത്യലോകത്തോട് വിട പറഞ്ഞു.
Content Highlights: It has been 28 years since the universal literary figure of Malayalam passed away
Source: worldwideweb
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !