തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ അറസ്റ്റിലായ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന് ജാമ്യം. കെ എസ് ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയും റിമാന്‍ഡ് റിപ്പോര്‍ട്ടും ശബരീനാഥന്റെ ജാമ്യാപേക്ഷയുമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. ഉപാധികളോടെയാണ് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പത്തുമണിക്ക് തന്നെ പൊലീസിന് മുന്നില്‍ എത്തണം. മൊബൈല്‍ ഫോണ്‍ കൈമാറണം എന്നിങ്ങനെയാണ് മറ്റു ഉപാധികള്‍.
വിമാനത്തില്‍ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രേരിപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകള്‍ പ്രചരിച്ചത് ശബരീനാഥന്റെ പേരിലാണെന്ന് ആരോപിച്ചാണ് കേസില്‍ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് മുന്‍പ് മറ്റു പ്രതികളെ ശബരീനാഥന്‍ പലതവണയായി വിളിച്ചതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. മറ്റാർക്കെങ്കിലും സന്ദേശം അയച്ചോ എന്നും കണ്ടെത്തണം. പ്രതികൾ നാലുപേരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാട്‌സ് ആപ്പ് ചാറ്റുകള്‍ അടങ്ങിയ ഫോണ്‍ മാറ്റിയതായും യഥാര്‍ഥ ഫോണ്‍ കണ്ടെത്തുന്നതിന് ശബരീനാഥനെ മൂന്ന് ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ മുഖ്യമായി വാദിച്ചത്.
വാട്‌സ് ആപ്പ് ഉപയോഗിച്ച ഫോണ്‍ പരിശോധിക്കണം. വാട്‌സ് ആപ്പ് ഉപയോഗിച്ച ഫോണ്‍ മാറ്റിയെന്നും യഥാര്‍ഥ ഫോണ്‍ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഗൂഢാലോചനയില്‍ ശബരീനാഥന്‍ ആണ് 'മാസ്റ്റര്‍ ബ്രെയ്ന്‍' എന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിമാനത്തിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശബരിനാഥന്‍ ആണെന്നും പൊലീസ് പറയുന്നു. കേസിലെ നാലാം പ്രതിയാണ് ശബരീനാഥന്‍. ഗൂഢാലോചന നടത്തിയെന്നു കാട്ടി ഇന്നു രാവിലെയാണ് ശബരീനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് ശബരീനാഥന്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസാണ് ഇത്. കോടതി നിര്‍ദേശങ്ങള്‍ മറികടന്നാണ് അറസ്‌റ്റെന്നും ശബരിനാഥന്‍ പറയുന്നു. രാവിലെ 11ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ അറസ്റ്റ് പാടില്ലെന്നു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 12.29ന് ആണെന്ന് ശബരീനാഥന്‍ പറഞ്ഞു.
ശബരീനാഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. രാവിലെ പത്തരയ്ക്കാണ് ശബരിനാഥന്‍ ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഇതിനിടെ തന്നെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
രാവിലെ പതിനൊന്നിനാണ് ശബരിനാഥന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ 10.50ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം വ്യക്തമാക്കുന്ന രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇന്നു ഹാജരാകാന്‍ നിര്‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.വിമാനത്തിലെ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നിര്‍ദേശം നല്‍കുന്ന വിധത്തില്‍ ശബരീനാഥന്‍ വാട്ട്‌സ്ആപ്പില്‍ പങ്കുവച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചത്.
Content Highlights: KS Sabarinathan granted bail
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !