മലപ്പുറം: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച പിണറായി സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്.
സര്‍ക്കാര്‍ തീരുമാനം സന്തോഷകരമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്.
മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ തീരുമാനം. മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടര്‍ന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നുവെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ്, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്നം നിലവില്‍ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു. ആ സംരക്ഷണം ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്നം ഉന്നയിച്ചില്ല. മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. നിയമ ഭേദഗതി കൊണ്ട് വരും. പിഎസ്സി വഴി നിയമനം നടത്താന്‍ തുടര്‍ നടപടി എടുത്തിട്ടില്ല. യോഗ്യരായവരെ നിയമിക്കാന്‍ പുതിയ സംവിധാനം ഉടന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന്‍റെ പിന്മാറ്റമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നെന്നും മജീദ് പറഞ്ഞു. മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്നും മജീദ് കുറ്റപ്പെടുത്തി.
Content Highlights: Muslim League welcomes withdrawal of decision to leave Waqf appointments to PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !